TOPICS COVERED

'വാടക കൊടുക്കാനില്ല, വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടു. എനിക്ക് വേറെ എവിടെയും പോവാന്‍ നിവൃത്തിയില്ല,' ഭര്‍ത്താവ് മരിച്ചുപോയി. മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ കല്യാണം കഴിഞ്ഞു. വാടക കൊടുക്കാന്‍ കഴിയാതായപ്പോള്‍ മറ്റ് രണ്ട് കുട്ടികളേയും സുരക്ഷിത സ്ഥലത്താക്കി തെരുവിലിറങ്ങിലിറങ്ങിയതാണ് പാര്‍വതിയമ്മ. 

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ ഇരുണ്ട ഇടനാഴിയില്‍ പാര്‍വതിയമ്മയെ കാണാം. വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ താമസം ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റേണ്ടി വന്ന നിസഹായായ ഒരു സ്ത്രീ. പാതിവഴിയില്‍ നിലച്ചുപോയ ജീവിതയാത്രയില്‍ പകച്ചുനില്‍ക്കുകയാണവര്‍. മൂന്നു മാസമായി ഈ ബസ് സ്റ്റാന്‍ഡിലാണ് പാര്‍വതിയമ്മയുടെ അന്തിയുറക്കം. 

സ്റ്റേഡിയം ജംക്ഷനിലെ പൂതേരി സത്രം കോളനിക്കാരിയാണ് പാര്‍വതിയമ്മ. നേരത്തെ വീട്ടുജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. പ്രമേഹം മൂര്‍ഛിച്ചതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. ഇപ്പോള്‍ പകല്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി ജീവനക്കാരെ സഹായിക്കും. രാത്രി കസേരയിലിരുന്ന് രാത്രി കഴിച്ചുകൂട്ടും. ‌ലൈഫ് പദ്ധതിയുടെ ഭാഗമായി കണ്ണാടിക്കലില്‍ 3സെന്‍റ് സ്ഥലം വാങ്ങിയെങ്കിലും പാറ പൊട്ടിക്കാന്‍ വന്‍ തുക വേണമെന്നതുകൊണ്ട് വീടെന്ന സ്വപ്നം ഉപേക്ഷിച്ചു. 

ENGLISH SUMMARY:

A mother living without a home at a Kozhikode bus stand