കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത കുടുംബങ്ങളുടെ വീടുകളിലേക്കുള്ള റോഡ് അടച്ച് എയർ പോർട്ട് അതോറിറ്റി. വിമാനത്താവളത്തോട് ചേർന്ന് ക്രോസ് റോഡ് അടയ്ക്കുന്നതിന് മുന്നോടിയായി ഗേറ്റ് സ്ഥാപിച്ചതായി നാട്ടുകാർ. റൺവേയോട് ചേർന്നുള്ള റെസയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഏത് നിമിഷവും റോഡ് അടയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ക്രോസ് റോഡ് അടച്ചതായും വാഹനങ്ങൾ വഴിതിരിച്ചുവിട്ടതായും കാണിച്ച് മാസങ്ങൾക്ക് മുൻപേ എയർപോർട്ട് അതോറിറ്റി ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുക്കൂട് ഭാഗത്ത് ഗേറ്റ് സ്ഥാപിച്ചത്. വാഹനങ്ങൾ കടന്നു പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ബോർഡ് സ്ഥാപിച്ചതിനു പിന്നാലെ ഗേറ്റ് കൂടി വെച്ചതിനാൽ ഏത് നിമിഷവും റോഡ് അടയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചതുമുതൽ നാട്ടുകാർ ഗതാഗത മാർഗത്തെപറ്റി പറയുന്നുണ്ട്. ക്രോസ് റോഡ് ഇല്ലാതാകുമ്പോൾ പകരം റോഡ് നിർമ്മിക്കാൻ ആയിരുന്നു സംസ്ഥാനസർക്കാരിന്റെ തീരുമാനം. എന്നാൽ റോഡ് നിർമ്മിക്കുന്നതിനുള്ള നടപടിമാത്രം എങ്ങുമെത്തിയില്ല. പകരം സംവിധാനം കാണാതെ നിലവിലുള്ള വഴിയടയ്ക്കരുതെന്നാണ് നാട്ടുകാരുടെ ആവിശ്യം.