ഒറ്റപ്പാലം ചുനങ്ങാട്ടെ കരിങ്കൽ ക്വാറിയിലെ അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ തൊഴിലാളിയുടെ ചികിത്സ കടുത്ത പ്രതിസന്ധിയിൽ. സിപിഎം പ്രാദേശിക നേതാവായ ജനപ്രതിനിധി ഇടപെട്ടു നടത്തിയ ഒത്തുതീർപ്പു വ്യവസ്ഥ പ്രകാരം നിയമ നടപടികളിലേക്കു നീങ്ങിയില്ലെന്നും തുടർ ചികിത്സയ്ക്കു പണം നൽകാതെ ക്വാറി മാനേജ്മെന്റ് അവഗണിച്ചെന്നുമാണു കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ ഡിസംബർ ഇരുപത്തി മൂന്നിനായിരുന്നു അൻപത്തിയഞ്ചുകാരൻ വേങ്ങശ്ശേരി കല്ലിങ്കൽ രാമചന്ദ്രന്റെ ജീവിതം മാറ്റിമറിച്ച അപകടം. ക്വാറിയിൽ പാറ പാപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ചു തലയിൽ പതിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒത്തുതീർപ്പിനു പിന്നാലെ രാമചന്ദ്രൻ വീണു പരുക്കേറ്റതാണെന്ന നിലയിൽ ഇത് മാറിമറിഞ്ഞെന്നും ബന്ധുക്കൾ. തലയ്ക്കു ഗുരുതരമായി പരുക്കേറ്റു തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാസങ്ങൾ നീണ്ട ചികിത്സ.
സിപിഎം പ്രാദേശിക നേതാവായ ജനപ്രതിനിധി ഇടപ്പെട്ട് നടത്തിയ ചർച്ചയിൽ തുടർ ചികിത്സയ്ക്കുള്ള പണം ഉൾപ്പെടെ നൽകാമെന്ന് ക്വാറി ഉടമകൾ ഏറ്റെന്നും ഇതോടെയാണു നിയമ നടപടിയിൽ നിന്നു പിൻമാറിയതെന്നും കുടുംബം. ആദ്യഘട്ടത്തിൽ ആശുപത്രിയില്‍ എട്ടര ലക്ഷം രൂപ ക്വാറി മാനേജ്മെന്റ് കെട്ടിവച്ചെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നാണു പരാതി. ആശുപത്രി വിടുന്ന ഘട്ടത്തിൽതന്നെ 12 ലക്ഷത്തിലേറെ രൂപ ചെലവായെന്നും ബന്ധുക്കൾ. പിന്നീടു പലവട്ടം ചർച്ച നടത്തിയെങ്കിലും ചികിത്സാച്ചെലവ് ലഭിച്ചില്ലെന്നാണ് ആക്ഷേപം. ഒത്തുതീർപ്പു ചർച്ച നടത്തിയ നേതാവ് ഉൾപ്പെടെ കയ്യൊഴിഞ്ഞെന്നും കുടുംബം.
അബോധാവസ്ഥയിൽ കഴിയുന്ന രാമചന്ദ്രനു മരുന്നിനു മാത്രം വലിയ തുക വേണം. തലയിൽ ഒരു ശസ്ത്രക്രിയ കൂടി നിർദേശിച്ചിട്ടുമുണ്ട്. മരുന്നും പരിശോധനയുമെല്ലാം പ്രതിസന്ധിയിലായ സാഹചര്യത്തിൽ പരാതിയുമായി മുഖ്യമന്ത്രിയെയും കലക്ടറെയും സമീപിക്കാനാണു കുടുംബത്തിന്റെ തീരുമാനം. ക്വാറിക്കു മുന്നിൽ സമരം നടത്താനും ആലോചനയുണ്ടെന്ന് ബന്ധുക്കള്‍.