ഭാരതപ്പുഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് എട്ട് ദിവസമായി നിരോധിച്ചിരുന്ന പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഒരേസമയം ഒരുഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രമാണ് നിയന്ത്രിത അളവില്‍ കടത്തിവിടുന്നത്. പട്ടാമ്പിയിലെയും തൃത്താലയിലെയും ജനങ്ങള്‍ അനുഭവിച്ചിരുന്ന യാത്രാ ക്ലേശത്തിന് നേരിയ പരിഹാരമാവും.
മഴ കനത്താല്‍ ഭാരതപ്പുഴ കരകവിയും. പട്ടാമ്പി കോസ് വേ മുങ്ങും. സംരക്ഷണഭിത്തി ഉള്‍പ്പെടെയുള്ള കൈവരികള്‍ പുഴയെടുക്കും. ഈ പതിവ് ഇത്തവണയും തുടര്‍ന്നപ്പോള്‍ പട്ടാമ്പിയിലെയും, തൃത്താലയിലെയും ആളുകള്‍ ചില്ലറ ദൂരമൊന്നുമല്ല ചുറ്റിയത്. കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പാലത്തിന് ബലക്ഷയമില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒന്‍പതാം ദിവസം പിന്നിട്ടപ്പോള്‍ ഒരുസമയം ഒരുഭാഗത്ത് കൂടി മാത്രം ഗതാഗതം പുനസ്ഥാപിച്ചു. ടാര്‍ വീപ്പയില്‍ കയര്‍ കെട്ടിയാണ് താല്‍ക്കാലിക കൈവരി സ്ഥാപിച്ചിരിക്കുന്നത്.
ഇരുമ്പ് കൈവരികള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ക്ഷമത ഉറപ്പാക്കിയ ശേഷമായിരിക്കും ഭാരവാഹനങ്ങള്‍ കടത്തിവിടുക. കൈവരി സ്ഥാപിക്കാന്‍ വൈകിയാല്‍ കാല്‍നടയാത്രികരാവും ഏറെ പ്രതിസന്ധിയിലാവുക. പുതിയ പാലമെന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രഖ്യാപനം സാങ്കേതിക തടസം മാറി ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് ജനപ്രതിനിധികളും ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു.