നെല്ല് സംഭരണത്തിനുള്ള തയ്യാറെടുപ്പ് സര്‍ക്കാര്‍ തലത്തിലായില്ലെങ്കിലും പാലക്കാടന്‍ പാടശേഖരങ്ങളില്‍ ഒന്നാംവിള കൊയ്ത്ത് തുടങ്ങി. തമിഴ്നാട്ടില്‍ നിന്നും കൂടുതല്‍ യന്ത്രങ്ങളെത്തിച്ചാണ് കൊയ്ത്ത്. കര്‍ഷകരുടെ പതിവ് പരാതി ഇത്തവണ ഒഴിവാക്കും വിധം സംഭരണ നടപടികള്‍ വേഗത്തിലാക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന്റെ പ്രതികരണം.
മഴമാറി നില്‍ക്കുന്ന സാഹചര്യം. പരമാവധി വേഗത്തില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കി പത്തായം നിറയ്ക്കാനാണ് കര്‍ഷകരുടെ ശ്രമം. മണ്ണ് ചെറുതല്ലാത്ത വിള നല്‍കി കര്‍ഷകരെ സഹായിച്ചു. ഇനി മനസറിഞ്ഞ് കൈപിടിക്കേണ്ടത് സപ്ലൈക്കോയാണ്. കാട്ടാനയുടെയും പന്നിയുടെയും ആക്രമണ ഭീഷണി മറികടന്ന് നട്ട് നനച്ചുണ്ടാക്കിയ വിളകള്‍ വേഗത്തില്‍ സംഭരിക്കാന്‍ സര്‍ക്കാരിനാവണം. ഇതിനായില്ലെങ്കില്‍ കര്‍ഷകന്റെ കണ്ണീര് വീഴുന്ന കൃഷിയിടങ്ങള്‍ കൂടും.
മഴയൊഴിഞ്ഞ അന്തരീക്ഷം തുടര്‍ന്നാല്‍ ഈയാഴ്ച കൊണ്ട് തന്നെ നെല്ല് ഉണക്കി താല്‍ക്കാലിക സംഭരണ കേന്ദ്രത്തിലേക്ക് മാറ്റാനാവും. മഴ കനത്താല്‍ പരിമിത സൗകര്യമുള്ള കര്‍ഷകര്‍ക്ക് നെല്ലളന്ന് സൂക്ഷിക്കുക പ്രതിസന്ധിയാവും. ആവലാതികളില്ലാതെ അടുത്ത വിളയിറക്കാനുള്ള അവസരം മാത്രമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.