കടന്നൽ ആക്രമണ ഭീതിയിൽ അങ്കണവാടിയിലെ കുരുന്നുകൾ. പാലക്കാട് തൃത്താല മുടവന്നൂരിലെ അങ്കണവാടിയിലാണ് കടന്നൽ കൂട്ടം കൂടുകൂട്ടി കുരുന്നുകൾക്കും ജീവനക്കാർക്കും ഭീഷണി സൃഷ്ടിക്കുന്നത്. പൊള്ളുന്ന വേനലിൽ കുടിവെള്ളവും ഫാനുമില്ലാതെയുള്ള കുട്ടികളുടെ അവസ്ഥ ഏറെ ദയനീയമാണ്.
കുരുന്നുകളാണ് മറന്നു പോവരുതെന്ന് രക്ഷിതാക്കളും, അങ്കണവാടി അധ്യാപകരും. തൃത്താല പന്ത്രണ്ടാം വാർഡിൽ മുടവന്നൂരിലെ പതിനെട്ടാം നമ്പർ അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരുമാണ് ഭയത്തോടെ കഴിയുന്നത്. അത്രയധികം ഭീമൻ കടന്നലുകളാണ് അങ്കണവാടിയിലെ അടുപ്പിന്റെ പുകക്കുഴലിലും ബൾബിന്റെ ഹോൾഡറിലുമായി കൂടുകൂട്ടിയിരിക്കുന്നത്.ഇതോടെ കുട്ടികളും ജീവനക്കാരും ദുരിതത്തിലായി.
കടന്നൽ ആക്രമണ ഭീതിയെ തുടർന്ന് ഇവർ സമീപത്തെ ബാലവിഹാർ കെട്ടിടത്തിലേക്ക് മാറി. ഇതോടെ ദുരിതം ഇരട്ടിയായി.പൊള്ളുന്ന വേനലിൽ വൈദ്യുതിയും, ഫാനും കുടിവെള്ളവുമില്ലാതെ കഴിയുന്ന കുട്ടികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്.
രാത്രികാലങ്ങളിൽ കടന്നൽ കൂട്ടങ്ങൾ സമീപത്തെ വീടുകളിലേക്കും എത്തുന്നതായി നാട്ടുകാരും. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ബന്ധപ്പെടുകയും രേഖാമൂലം പരാതി നൽകുകയും ചെയ്‌തെങ്കിലും ആരും തിരിഞ്ഞുനോക്കിയിലെന്നാണ് ആക്ഷേപം.ദുരവസ്ഥ നേരിടുന്ന അങ്കണവാടിയിലേക്ക് കുട്ടികളെ അയയ്ക്കാനും രക്ഷിതാക്കൾ ഭയക്കുകയാണ്.