വേനല്‍ കനത്ത് കുടിവെള്ളപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും കുന്നിടിക്കലും മണ്ണ് കടത്തലും സജീവം. പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ ജല ഉറവിടങ്ങളായ പല കുന്നുകളും മണ്ണെടുത്തതിനെത്തുടര്‍ന്ന് നിരന്ന പ്രദേശങ്ങളായി. കൃത്യമായ കണക്കില്ലാതെയാണ് മണ്ണ് കടത്തെന്നാണ് പ്രധാന പരാതി.
മൈലാടിക്കുന്ന് ഈ രീതിയില്‍ ഖനനത്തിന് സാക്ഷിയായാല്‍ വൈകാതെ മൈലാടി നിരപ്പെന്ന പേരില്‍ അറിയപ്പെടേണ്ടി വരും. അത്രയേറെ മണ്ണാണ് ദിവസേന നാട് കടക്കുന്നത്. കപ്പൂർ പഞ്ചായത്തിലെ 7,8 വാർഡുകൾ ഉൾപ്പെടുന്നതാണ് മൈലാടിക്കുന്ന്. ഏക്കർ കണക്കിന് വ്യാപിച്ചു കിടന്നിരുന്ന മൈലാടിക്കുന്നിന്‍റെ പകുതിയിലേറെ ഭാഗവും ഇടിച്ചു നിരത്തിക്കഴിഞ്ഞു. പ്രദേശത്തെ പ്രധാന ജലഉറവിടമായിരുന്നു കുന്നും പരിസരത്തെ നീര്‍ച്ചോലകളും. അശാസ്ത്രീയ മണ്ണെടുപ്പ് കാരണം പല വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്.
ദേശീയപാത നിർമാണത്തിനെന്ന പേരിലാണ് രണ്ട് വര്‍ഷമായി മണ്ണെടുക്കുന്നത്. പിന്നാലെ പ്രദേശത്താകെ കുടിവെള്ളത്തിനും ക്ഷാമമായി. അശാസ്ത്രീയ മണ്ണെടുക്കലിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍. മണ്ണെടുത്തതിന്‍റെ ഒരുഭാഗം കഴിഞ്ഞമഴയില്‍ നിലംപൊത്തിയിരുന്നു. ശക്തമായ മഴയില്‍ അപകടസാധ്യതയെന്ന നാട്ടുകാരുടെ മുന്നറിയിപ്പില്‍ ജില്ലാഭരണകൂടം ഇടപെടണമെന്നാണ് ആവശ്യം.