കൃഷിയിടത്തിലേക്ക് ചെന്നാൽ വയനാട് പണയമ്പം സ്വദേശി പത്മനാഭൻ പൊട്ടി കരയലാണ് പതിവ്. കഷ്ടപ്പെട്ട് മക്കളെ പോലെ സംരക്ഷിച്ച് വളർത്തിയ വിളകൾ കാട്ടാനകൾ കൂട്ടത്തോടെ നശിപ്പിച്ചതോടെ പത്മനാഭന്റെ വരുമാനമാർഗം പൂർണമായും നിലച്ചു. എല്ലാ ദിവസവും ആനയെത്തുന്നതോടെ തന്റെ കൃഷിഭൂമി സർക്കാർ ഏറ്റെടുക്കണേ എന്ന് അപേക്ഷിക്കുന്നുണ്ട് ഈ കർഷകൻ. ഉള്ള് പൊട്ടി ഒരു കർഷകൻ വിങ്ങുകയാണ്. ബത്തേരി പണയമ്പം സ്വദേശി പത്മനാഭൻ. 

അധ്വാനിച്ചുണ്ടാക്കിയതൊക്കെ ഒരറ്റ രാത്രി കൊണ്ട് കാട്ടാന ചവിട്ടി മെതിച്ചത് കണ്ടാണ് തലയിൽ കൈവെച്ച് പത്മനാഭൻ കരഞ്ഞത്. കഴിഞ്ഞ നാല് മാസത്തിനിടെ പതിനഞ്ച് തവണയാണ് പത്മനാഭന്റെ കൃഷിയിടത്തിൽ കാട്ടാനകൾ ഇറങ്ങി വിളകൾനശിപ്പിച്ചത്.

ചിറമൂല ഭാഗത്ത് നിന്നാണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. പത്മനാഭന്റെ അഞ്ഞൂറ് കവുങ്ങുകൾ ഉണ്ടായിരുന്നതിൽ 90 ശതമാനവും 75 തെങ്ങുകൾ ഉ്ണ്ടായിരുന്നത് പൂർണമായും കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ ദിവസം ആനക്കൂട്ടം വീടിനു സമീപം വരെയെത്തി. വീട്ടുകാർ ബഹളം വെച്ചതോടെയാണ് ആന പിന്മാറിയത്. 

ഏക വരുമാന മാർഗമായ കൃഷി പൂർണമായും നശിച്ചതോടെ ഇനിയെന്തുചെയ്യുമെന്നാണ് ഹൃദയും നുറുങ്ങുന്ന വേദനയോടെ പത്മനാഭൻ ചോദിക്കുന്നത്. 

ENGLISH SUMMARY:

Farmer struggling with wild elephant attack