പ്രസിദ്ധമായ നിരണംപളളിയിലെ ചരിത്രശേഷിപ്പുകളുടെ കാലനിര്‍ണയത്തിന് പുരാവസ്തുവകുപ്പ് നടപടികളാരംഭിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകളും വസ്തുക്കളുമാണ് പഠന വിധേയമാക്കുന്നത്. 

മാര്‍ത്തോമ്മാ ശ്ലീഹ സ്ഥാപിച്ച ഏഴരപള്ളികളുടെ ഗണത്തില്‍പെട്ടതാണ് നിരണം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയം. എ.ഡി 54ല്‍ സ്ഥാപിച്ചതെന്നാണ് വിശ്വാസം. ചരിത്രമേറെ അവകാശപ്പെടാനുള്ള ദേവാലയത്തിലെ ശേഷിപ്പുകളുടെ കാലനിര്‍ണയമാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ശിലയില്‍ കൊത്തിയിട്ടുള്ള ലിപികള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രാഥമികപരിശോധനയില്‍ കണ്ടെത്തി. സൂക്ഷിച്ചിട്ടുള്ള രണ്ടായിരത്തിലേറെ താളിയോലകളില്‍ മലയാളത്തിന് പുറമെ, കന്നഡ, തെലുങ്ക് ഭാഷകളും കാണാം. എല്ലാം പ്രാചീനലിപികളില്‍ . ഇവ വായിച്ചെടുക്കാന്‍ വിദഗ്ദരുടെ സഹായംതേടേണ്ടിവരും. 

പളളിയോടുചേര്‍ന്നുള്ള പഴയ നെല്‍പ്പുരയിലാണ് ചരിത്രശേഷിപ്പുകളെല്ലാം സൂക്ഷിച്ചിരിക്കുന്നത്. പരിശുദ്ധ പരുമല തിരുമേനിയുടെ ആദ്യകാല വാസസ്ഥലംകൂടിയായിരുന്ന ഇവിടെ സന്ദര്‍ശനം നടത്താനും, ശേഷിപ്പുകളെക്കുറിച്ച് അടുത്തറിയാനും സഞ്ചാരികളേറെ എത്തുന്നുണ്ട്. കാലനിര്‍ണയം കൃത്യമായി വരുന്നതോടെ ദേവാലയത്തിന് കൂടുതല്‍ പ്രാധാന്യംലഭിക്കുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.