TOPICS COVERED

എടിഎമ്മിൽ നിന്ന് പണം ലഭിക്കാത്തതിന്റെ പേരില്‍ പരാതിപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അ‍ഞ്ചുവര്‍ഷത്തിന് ശേഷം നീതി. കൊല്ലം വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വി സുപ്രഭയ്ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ നാല്‍പതിനായിരം രൂപ നല്‍കാന്‍ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്.

പണം കൈപ്പറ്റിയെന്ന് ബാങ്കിങ് സംവിധാനമൊന്നാകെ പറ‍ഞ്ഞിട്ടും സുപ്രഭ തോറ്റു പിന്മാറിയില്ല. നീതിക്കുവേണ്ടിയുളള ഒറ്റയാള്‍ പോരാട്ടമായിരുന്നു. 2019 ഏപ്രിൽ 12 നാണ് പരാതിക്കിടയായത് നടന്നത്. ഇരവിപുരത്ത് ഒരു ബാങ്കിന്റെ എടിഎം മെഷീനില്‍ നിന്ന് ഇരുപതിനായിരം രൂപ എടുക്കാൻ ശ്രമിച്ചപ്പോള്‍ പതിനായിരം രൂപ മാത്രമാണ് ലഭിച്ചത് പക്ഷേ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇരുപതിനായിരം രൂപ കുറവ് ചെയ്യുകയും ചെയ്തു. പരാതിയുമായി എടിഎം മെഷീന്‍ സ്ഥാപിച്ച ബാങ്കിലും അക്കൗണ്ടുളള ബാങ്കിലും പോയെങ്കിലും ഫലം കണ്ടില്ല.

പരാതി ബാങ്കിങ് ഓംബുഡ്‌സ്‌മാനും തളളിക്കളഞ്ഞു. അഞ്ചുവര്‍ഷത്തിനിപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. കൊല്ലം വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വി സുപ്രഭ വാളത്തുംഗല്‍ സ്വദേശിയാണ്.

ENGLISH SUMMARY:

Justice after five years for police officer who complained about not getting money from ATM