തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിലെ വെള്ളത്തില്‍ ഫംഗസ് ബാധയെന്ന് പരിശോധനാഫലം. മീനുകള്‍ ചത്തുപൊങ്ങുന്നതിനേക്കുറിച്ച് പരിശോധിച്ചപ്പോഴാണ് രോഗാണുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കുന്ന വെള്ളമായതിനാല്‍ നാട്ടുകാരും ആശങ്കയിലായി.
നെയ്യാര്‍ ഡാമിലെ പലയിടങ്ങളില്‍ നോക്കിയാലും ഇതാണ് കാഴ്ച. മീനുകള്‍ ചത്തുപൊങ്ങുന്നു. രണ്ടാഴ്ച മുന്‍പ് ചിലയിടങ്ങളില്‍ കണ്ട് തുടങ്ങിയ പ്രശ്നം വളരെ വേഗം മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. ആയിരക്കണക്കിന് കരിമീന്‍, പള്ളത്തി, തിലോപ്പിയ തുടങ്ങിയ മീനുകളാണ് ചത്തത്. ഇതോടെ ഫിഷറീസ് വകുപ്പ് വെള്ളം ശേഖരിച്ച് കണിയാപുരത്തെ ലാബില്‍ പരിശോധിച്ചു. അവിടെ നിന്നാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട പ്രദേശത്തെ ജനങ്ങള്‍ കുടിക്കാനും കൃഷിക്കുമെല്ലാം ഉപയോഗിക്കുന്നത് ഡാമിലെ വെള്ളമാണ്.
കാളിപ്പാറ കുടിവെള്ള പദ്ധതിയും ഡാമിനെ ആശ്രയിച്ചാണ്. ഇതോടെ രോഗാണുക്കള്‍ സ്ഥിരീകരിച്ച വെള്ളം കുടിവെള്ളമാക്കുന്നതില്‍ ആശങ്ക വ്യാപകമായി. സാംപിള്‍ ശേഖരിച്ച് രണ്ട് വ്യത്യസ്ത ലാബുകളിലേക്കും കൂടി അയച്ചിരിക്കുകയാണ്. നാളെ ഫലം വരും. അതിന് ശേഷം പ്രതിരോധ നടപടി ആലോചിക്കാനാണ് തീരുമാനം.