vellarada-bear

TOPICS COVERED

പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് പുലിയുടെ രോമം പോലും കാണാനില്ലാത്ത പോലെയാണ് വെള്ളറടയിൽ കരടി ഇറങ്ങിയതായുള്ള ദൃശ്യം പ്രചരിച്ചത്. ദൃശ്യങ്ങളിൽ കണ്ടത് പോലെ കരടി ഇറങ്ങി, പക്ഷേ വെള്ളറടയിൽ അല്ല, തമിഴ്‌നാട്ടിൽ ആണെന്ന് മാത്രം ! 

കഴിഞ്ഞ ദിവസം വെള്ളറട ടൗണിൽ കരടിയെ പോലെ തോന്നിക്കുന്ന ഒരു ജീവിയെ കണ്ടതായി ചിലർ സംശയം പ്രകടിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് പരിശോധന കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് ആനപ്പാറ പെട്രോൾ പമ്പിലെ ദൃശ്യം എന്ന പേരിൽ കരടി നടന്നു നീങ്ങുന്ന ദൃശ്യം പുറത്തുവന്നത്. ‍‌‍ഞൊടിയിടയില്‍ ദൃശ്യം കാട്ടുതീ പോലെ പടർന്നു. ചിലര്‍ ഇന്‍സ്റ്റയിലും എഫ്ബി–യിലും ഇട്ട് ലൈക്കും കമന്‍റും വാരികൂട്ടി. 

ഇന്ന് രാവിലെ വനംവകുപ്പ് പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വിഡിയോ തട്ടിപ്പാണെന്ന് അറിയുന്നത്. തമിഴ്‌നാട്ടിലെ അഴകിയ മ‌ണ്ഡപത്തിന് സമീപം കഴിഞ്ഞ ജൂണില്‍ കരടി ഇറങ്ങിയ ദൃശ്യങ്ങളാണ് വെള്ളറടയിലേതെന്ന പേരില്‍ പ്രചരിച്ചത്.  തമിഴ്നാട് വനമേഖലയുമായി അടുത്ത് കിടക്കുന്ന പ്രദേശമായതിനാല്‍ കരടിയുടെ സാധ്യതയും വനംവകുപ്പ് തളളിക്കളയുന്നില്ല. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാന്‍ വനം വകുപ്പ് പ്രദേശത്ത് രണ്ട് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

എന്തായാലും കരടി... കരടി എന്ന് പറഞ്ഞ് ഒടുവില്‍ കരടി വരുമ്പോള്‍ ഓടാന്‍ വഴിയുണ്ടാകില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിഡിയോ വ്യാജമാണെന്ന് അറിഞ്ഞതോടെ പലരും സമൂഹ മാധ്യമങ്ങളില്‍ നിന്ന് വീഡിയോ മുക്കി തടിയൂരിയിട്ടുണ്ട്.

ENGLISH SUMMARY: