തിരുവനന്തപുരം നഗരത്തിൽ മൂടിയില്ലാത്ത ഓടയിൽ വീണ് വൃദ്ധ മരിച്ചിട്ടും കണ്ണുതുറക്കാതെ കോർപ്പറേഷൻ. അപകടം നടന്ന സ്ഥലത്ത് മാത്രം സ്ളാബ് ഇട്ട് കണ്ണിൽപ്പൊടിയിടുകയാണ് അധികൃതർ.
തകർന്ന റോഡുകൾ, മൂടിയില്ല ഓടകൾ, കത്താത്ത തെരുവുവിളക്കുകൾ, ഒന്നും പോരാഞ്ഞിട്ട് തെരുവുനാശ ശല്യം വേറെ. തലസ്ഥാനത്തെ ജനം നടുറോഡിൽ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് 72കാരിയായ വി.എസ്.ശൈലജ. തെരുവുവിളക്കില്ലാത്ത ശ്രീകാര്യം ഇടവക്കോട് റോഡിൽ മകളുടെ വീട്ടിലേക്ക് പോകവേ തെരുവുനായയെ കണ്ട് ഭയന്ന് മൂടിയില്ലാത്ത ഓടയിൽ വീണ ശനിയാഴ്ച രാത്രി വീണ ശൈലജയെ ചോര വാർന്ന് മരിച്ച നിലയിൽ നാട്ടുകാർ കാണുന്നത് ഞായറാഴ്ച രാവിലെയാണ്.
ഈ സംഭവത്തിലെ ഒന്നാം പ്രതി കോർപ്പറേഷൻ ആണ്. ഇതോടെയെങ്കിലും നാടു നന്നാവുമെന്ന് കരുതിയെങ്കിൽ തെറ്റി. ശൈലജ വീണ സ്ഥലത്ത് മാത്രം രണ്ടു സ്ളാബിട്ടു. അതും അലൈൻമെന്റ് തെറ്റിച്ച് ഇതുപോലെ. കാല് തെറ്റി ആരെങ്കിലും വീഴണമെന്ന് നിർബന്ധമുള്ള പോലെ. ഇതേ റോഡിൽ കുറച്ചു കൂടി മുന്നോട്ടുപോയാൽ സ്ഥിതി പഴയ പോലെ തന്നെ. അധികാരികളെ വിശ്വസിക്കാൻ പറ്റില്ലെന്ന് മനസിലായ പാവം ജനം സ്വന്തം നിലയ്ക്ക് ഇതുപോലെ പരിഹാരം കണ്ടെത്തിവരുമുണ്ട്. ഏതായാലും എല്ലാം ശരിയാക്കുമെന്നാണ് ഭരണപക്ഷ കൌൺസിലറുടെ ഉറപ്പ്. മൂടിയില്ലാ ഓടയിൽ വീണ് ശൈലജ മരിച്ച ഈ നഗരം സ്മാർട്ടായെന്ന മാത്രം ഇനി പറയരുത്.