TOPICS COVERED

ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 13-ാമത് 'രൈക്വഋഷി' പുരസ്കാരം ജൈവകൃഷി ആചാര്യനും ‘ഒരേ ഭൂമി ഒരേ ജീവൻ’പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സ്ഥാപകാംഗവുമായ ആലപ്പുഴ മുഹമ്മ സ്വദേശി കെ.വി.ദയാലിന്. ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 25-ാം വാർഷികദിനമായ ഒക്ടോബർ 31-ന് വൈകീട്ട് മൂന്നിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിക്കും. ആർട്ടിസ്റ്റ് മദനൻ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെട്ടതാണ് പുരസ്കാരം.

ഇന്ത്യൻ റെയ്കി അസോസിയേഷന്റെ സ്ഥാപകനും ബി.ജെ.പി. മുൻ ദേശീയ നിർവ്വാഹകസമിതി അംഗവുമായ സി.എം.കൃഷ്ണനുണ്ണിയുടെ 10-ാം അനുസ്മരണ പ്രഭാഷണം ബി.ജെ.പി. ഉത്തര കേരള ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ ഇതേ ചടങ്ങിൽ നടത്തും.

മുഹമ്മയിലെ ഒരേക്കര്‍ മണല്‍പ്പരപ്പ് 22 വര്‍ഷത്തിന്റെ ശ്രമഫലമായി കാടായും അര ഏക്കറില്‍ കൃഷിക്കായി ഒരു മൈക്രോ മോഡലും സൃഷ്ടിച്ചെടുത്തത് കണക്കിലെടുത്താണ് കെ.വി.ദയാലിന് അവാർഡ് നൽകി ആദരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ വനമിത്ര പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. ലോകത്തിലാദ്യമായി ഒരു സര്‍വകലാശാലയെകൊണ്ട് കര്‍ഷകര്‍ക്കു   വേണ്ടി അവരുടെ പ്രായമോ വിദ്യാഭാസമോ കണക്കിലെടുക്കാതെ ജൈവ കൃഷിയില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങാന്‍ നേതൃത്വം നല്‍കിയ അദ്ദേഹം നിലവില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ജൈവ കൃഷി കോഴ്സിന്റെ ചീഫ് കോര്‍ഡിനേറ്ററാണ്.

Raikvarishi award to bio krishi acharya KV Dayal: