വേനൽ കനത്തോടെ കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല എന്നാൽ പാഴാക്കാൻ ഒരു പാട് വെള്ളമുണ്ട്. ദേശീയപാത നിർമാണം നടക്കുന്ന ആലപ്പുഴ പുറക്കാട് കരൂരിലാണ് കുളം പോലെ റോഡിലും ക്ഷേത്ര പരിസരത്തും വെളളം കെട്ടിക്കിടക്കുന്നത്. 3 ദിവസം മുൻപ് ദേശീയ പാതാ നിർമാണത്തിനിടെയാണ് ഇവിടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയത്.
കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് മുന്നിൽ പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. ഈ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് നാട്ടുകാർ ദേശീയ പാത നിർമാണം നടത്തുന്ന കരാർ കമ്പനിയെ അറിയിച്ചു. ഇപ്പോൾ ശരിയാക്കാമെന്ന മറുപടി ലഭിച്ചെങ്കിലും 3 ദിവസം കഴിഞ്ഞിട്ടും ഇതിന്‍റെ അറ്റകുറ്റപ്പണി നടത്തിയില്ല.
300 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിയതോടെ നാട്ടുകാർക്ക് പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്. പമ്പിംഗ് സമയത്ത് വെള്ളം കുത്തിയൊഴുകും.. പൈപ്പ് പൊട്ടിയാൽ തകരാർ പരിഹരിക്കേണ്ട ചുമതല ദേശീയ പാതാ നിർമാണച്ചുതലയുള്ള കരാർ കമ്പനിക്കാണ്.. കമ്പനി അറ്റകുറ്റപ്പണി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.