കൊല്ലം കൊട്ടാരക്കരയില്‍ നിന്ന് പുത്തൂര്‍ വരെയുളള റോഡ് ടാര്‍ ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇടപെടുന്നില്ലെന്നാരോപിച്ച് മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്നലെ പ്രതിഷേധിച്ചിരുന്നു. അറ്റകുറ്റപ്പണിക്ക് പന്ത്രണ്ടര ലക്ഷം രൂപയുടെ കരാര്‍ ആയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ മുസ്‌ലിം സ്ട്രീറ്റ് പാലം ഉള്‍പ്പെടെയുളള ഭാഗം ഒരു വര്‍ഷത്തിലേറെയായി തകര്‍ന്നു കിടക്കുകയാണ്. ഇത് ടാര്‍ ചെയ്യാത്തതിനെതിരെയാണ് കൊട്ടാരക്കര മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാകുമാരി ധനമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.
ഗിരിജാകുമാരിയുടെ പ്രതിഷേധത്തില്‍ വസ്തുതയുണ്ട്. റോഡില്‍ വലിയ കുഴികളായി. ഇരുചക്രവാഹനങ്ങളൊക്കെ അപകടത്തില്‍പ്പെടുന്നു. ഇതേപാതയിലൂടെ മന്ത്രിയും പോകുന്നതാണെങ്കിലും മന്ത്രിയുടെ മാത്രം കുഴപ്പമാണെന്ന് പറയാനും സാധിക്കില്ല. റോഡ‍് ടാര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ക്ക് വേഗമില്ലാത്തതാണ് ഇപ്പോള്‍ മന്ത്രിക്കും പേരുദോഷമായത്.
റോഡ് ടാര്‍ ചെയ്യാന്‍ വേണ്ടി പലവട്ടം ടെന്‍ഡര്‍ വിളിച്ചെങ്കിലും കരാരുകാര്‍ ഏറ്റെടുത്തില്ല. തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ വിളിച്ച് അടുത്തിടെ ഒരു കരാറുകാരന്‍ പന്ത്രണ്ടര ലക്ഷം രൂപയ്ക്ക് കരാര്‍ ആയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇനിയിപ്പോള്‍ ഓണത്തിരക്കിലേക്ക് പോകും മുന്‍പ് ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.