വൈദ്യുതികമ്പിയിൽ കുടുങ്ങിയ കുട്ടികുരങ്ങിന് രക്ഷകരായി ഓട്ടോറിക്ഷാ ഡ്രൈവറും നാട്ടുകാരും. കഴിഞ്ഞ ദിവസം വിളക്കുടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് മീനംകോട് എന്ന സ്ഥലത്താണ് കുട്ടികുരങ്ങൻ മരണത്തെ മുഖാമുഖം കണ്ടത്. മറ്റ് കുരങ്ങുകളോടൊപ്പം മരംചാടുന്നതിനിടെ പ്രായം കുറഞ്ഞ കുട്ടികുരങ്ങൻ അബദ്ധത്തിൽ വൈദ്യുതി കമ്പിയിൽ കുടുങ്ങി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയും ചെയ്തു. ഇതിനിടെ അവിടെയെത്തിയ ഒരാൾ മുളംകമ്പ് കൊണ്ട് കുരങ്ങിനെ തട്ടി താഴെയിട്ടു. പക്ഷേ കുരങ്ങ് അബോധാവസ്ഥയിലായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ ഷാനവാസ് സ്ഥലത്തെത്തി വനപാലകരെ വിവരമറിയിച്ചിട്ടും ആരും എത്തിയില്ല. കുരങ്ങന്‍റെ ജീവൻ നഷ്ടപ്പെടുമെന്ന് തോന്നിയതോടെ ഷാനവാസ് കുരങ്ങനെ ചാക്കിലാക്കി ഓട്ടോറിക്ഷയിൽ മൃഗാശുപത്രിയിൽ എത്തിച്ചു. ഡോക്ടർ ചികിത്സ നൽകി.
വിശന്നിരുന്ന കുരങ്ങന് ഡോക്ടറുടെ നിർദേശപ്രകാരം ഷാനവാസ് കടയിൽ നിന്ന് പഴവും വാങ്ങി നല്‍കി. ഇതോടെ കുരങ്ങൻ ഉഷാറായി. മൃഗാശുപത്രിയുടെ കൂട്ടിലടച്ച കുരങ്ങനെ ആരോഗ്യം മെച്ചപ്പെടുമ്പോൾ തുറന്നുവിടാനാണ് തീരുമാനം.