bio-waste

TOPICS COVERED

പത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ പൊതു ബയോമെഡിക്കൽ മാലിന്യസംസ്കരണ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ എതിർപ്പുമായി നാട്ടുകാർ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏനാദിമംഗലത്ത് സംഘടിപ്പിച്ച ഹിയറിങ്ങിലാണ് എതിർപ്പുന്നയിച്ച് നാട്ടുകാർ രംഗത്തെത്തിയത്. അതേസമയം മാലിന്യനിർമ്മാർജനം പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്തില്ലെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും ഐഎംഎ അധികൃതർ പറഞ്ഞു.

രാവിലെ പത്തര മണിക്ക് തുടങ്ങിയ ഹിയറിങ്ങിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് എതിർപ്പുന്നയിച്ച് രംഗത്തുവന്നത്. ജനസാന്ദ്രതയുള്ള പ്രദേശമായതിനാൽ ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. മണ്ണും വെള്ളവും മലിനപ്പെടും. സ്വൈര്യജീവിതം തടസപ്പെടുത്താൻ അനുവദിക്കില്ലെന്നും നാട്ടുകാർ. നാട്ടുകാർക്ക് പൂർണപിന്തുണ നൽകി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും ഹിയറിങ്ങിനെത്തി.

അതേസമയം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഐഎംഎ അധികൃതർ ആവർത്തിച്ചു.ആശുപത്രികളിലെ ബയോമെഡിക്കൽ മാലിന്യം ഉറവിടത്തിൽ നിന്ന് 75 കിലോമീറ്റർ ചുറ്റളവിനുള്ളിൽ 24 മണിക്കൂറിനുള്ളിൽ നിർമ്മാർജ്ജനം ചെയ്യണമെന്ന കേന്ദ്രസർക്കാറിന്റെ പുതിയ നിയമപ്രകാരമാണ് തെക്കൻ കേരളത്തിലെ മാലിന്യം ഇളമണ്ണൂരിൽ എത്തിച്ച് നിർമാർജനം ചെയ്യാൻ ഐഎംഎയുടെ നീക്കം.