സഹകരണ സംഘം തട്ടിക്കൂട്ടി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. പന്തളം തെക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന വിശാഖ് കുമാറിന് എതിരെയാണ് പരാതി. മുന്‍പ് സ്വര്‍ണത്തട്ടിപ്പില്‍ അടക്കം പ്രതിയായ ആളാണ് വിശാഖ് കുമാര്‍.
പന്തളം തെക്കേക്കര പഞ്ചായത്തിലെ അഗ്രിക്കള്‍ച്ചറല്‍ ഇമ്പ്രൂവ്മെന്‍റ് സഹകരണസംഘത്തിന്‍റെ പേരിലാണ് തട്ടിപ്പ്. ഈ സംഘത്തിലേക്ക് ഒഴിവുകള്‍ ഉണ്ടെന്ന് പരസ്യം നല്‍കിയാണ് പണം തട്ടിയെടുത്തത്. 2017ല്‍ ആണ് സംഘം തുടങ്ങിയത്. പണം വാങ്ങി പരിക്ഷയും അഭിമുഖവും നടത്തി നിയമനവും നല്‍കും. ഉണ്ണിക്കൃഷ്ണന്‍ എന്നയാളുടെ ഭാര്യയെ ഒരാഴ്ച ജോലി നല്‍കിയാണ് കബളിപ്പിച്ചത്
റജിസ്ട്രാര്‍ക്കടക്കം പണം നല്‍കി എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പണം തിരികെച്ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തും. പണം നഷ്ടപ്പെട്ട 11 പേരാണ് ശക്തമായ നിയമ പോരാട്ടവുമായി രംഗത്ത് ഇറങ്ങിയത്. മക്കളുടെ ജോലിക്കായി പലരും വായ്പയെടുത്തും സ്വര്‍ണം പണയം വച്ചുമാണ് പണം നല്‍കിയത്. പിന്നെ ജോലിയുമില്ല പണവും ഇല്ല.
വിശാഖ് കുമാറും ഭാര്യയുമാണ് തട്ടിപ്പിന്‍റെ നേതൃത്വം. പണവും ജോലിയും കിട്ടാതായതോടെയാണ് പലരും വിശാഖിനെക്കുറിച്ച് അന്വേഷിക്കുന്നത്. ഒരു തട്ടിപ്പില്‍ കൊടുമണ്‍ പൊലീസ് കേസെടുത്തു. മറ്റൊരു ചെക്ക് കേസില്‍പ്പെട്ട് വിശാഖന്‍ ജയിലില്‍ ആണ് എന്ന് കൊടുമണ്‍ പൊലീസ് പറയുന്നു. ഇപ്പോഴും സംഘത്തിന്‍റെ പേരില്‍ തട്ടിപ്പ് നടക്കുന്നു എന്നാണ് പരാതിക്കാരുടെ ആരോപണം. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.