മനോരമ ന്യൂസ് കുഴിവഴി ജാഥയിലൂടെ ഒരു റോഡിനു കൂടി ശാപമോക്ഷം. തിരുവല്ലയിലെ തകർന്നു കിടന്ന സാമിപാലം - കൂട്ടുമ്മൽ റോഡാണ് കഴിഞ്ഞദിവസം ടാർ ചെയ്ത് യാത്രായോഗ്യമാക്കിയത്. കുഴിവഴി ജാഥ എത്തിയതിനെ തുടർന്ന് അധികൃതർ അതിവേഗം നടപടിയെടുക്കുകയായിരുന്നു.
കുഴിയിൽ വീണ് കയ്യൊടിഞ്ഞവരും പേടിച്ച് യാത്ര മതിയാക്കിയവരുമൊക്കെ അന്ന് കുഴിവഴി ജാഥയിൽ സങ്കടം പങ്കുവെക്കാനെത്തി. മൂന്നു വർഷമായനുഭവിക്കുന്ന യാത്രാദുരിതം പറയുമ്പോൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആഗ്രഹം ഒന്നുമാത്രമായിരുന്നു. സാമിപാലം - കൂട്ടുമ്മൽ റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യണം. നാട്ടുകാരുടെ വാമൂടി പ്രതിഷേധത്തിനൊടുവിൽ അധികൃതർക്ക് വാ തുറക്കേണ്ടി വന്നു. രണ്ടുമാസത്തിനകം എംഎൽഎ ഫണ്ട് ടെൻഡറായി. നാണക്കേട് മറയ്ക്കാൻ പെരിങ്ങര പഞ്ചായത്തും ഫണ്ടിറക്കി. ഏതായാലും ദുരിതം മാറിയതാണ് നാട്ടുകാരുടെ സന്തോഷം.