തിരുവനന്തപുരം നെയ്യാര്‍ ചീങ്കണ്ണി പാര്‍ക്കില്‍ ഇരുപത് വര്‍ഷത്തിനു ശേഷം അഞ്ച് ചീങ്കണ്ണി കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. പാര്‍ക്കിലെ ചീങ്കണ്ണികള്‍ വംശമറ്റ് പോകുമെന്ന ഘട്ടമെത്തിയതോടെയാണ് മുട്ടകള്‍ വിരിയിച്ച് പുതിയ അതിഥികളെ വരവേറ്റത്.
രണ്ട് പതിറ്റാണ്ടിനു ശേഷമാണ് പുതിയ തലമുറയുടെ വരവ്. ഒരു കൈപത്തിക്കുളളില്‍ കൊളളാനുളള വലിപ്പമേയുളളു. മൂന്നു മാസമായിട്ടേയുളളു പിറന്നു വീണിട്ട്... പ്രത്യേക കൂട്ടില്‍ മീന്‍ കഷണങ്ങള്‍ നല്കി കരുതലോടെ കാക്കുകയാണ്.. ഇത്തിരിക്കുഞ്ഞന്‍മാരാണെങ്കിലും ശൗര്യത്തിന് ഒരു കുറവുമില്ല....അമ്മ ചീങ്കണ്ണി ഇട്ട 36 മുട്ടകളില്‍ അഞ്ചെണ്ണമാണ് ഏപ്രില്‍ അവസാനം വിരിഞ്ഞിറങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചീങ്കണ്ണികള്‍ പെറ്റുപെരുകി ആക്രമണം പതിവായതോടെ നെയ്യാര്‍ റിസര്‍വോയര്‍ നരഭോജി തടാകമെന്ന് കുപ്രസിദ്ധി നേടി. ഇതോടെ പാര്‍ക്കിലെ എണ്ണം നിയന്ത്രിക്കാന്‍ ആണ്‍ പെണ്‍ ചീങ്കണ്ണികളെ ഒരേ കൂട്ടിലിടുന്നതും വിലക്കി. 2012ല്‍ ചീങ്കണ്ണികളുടെ എണ്ണം 40 ആയിരുന്നെങ്കില്‍ ഇപ്പോഴത് പതിനഞ്ചായി കുറഞ്ഞു.
കരയില്‍ കുഴിമാന്തിയാണ് ചീങ്കണ്ണികള്‍ മുട്ടയിടുക. 75 മുതല്‍ 90 ദിവസം വരെ വേണം മുട്ട വിരിയാന്‍..50വയസാണ് ചീങ്കണ്ണിയുടെ ശരാശരി പ്രായം. 56 വയസുളള രണ്ടുപേരുണ്ട് പാര്‍ക്കില്‍...ശുദ്ധജലത്തില്‍ കാണുന്ന ഫ്രഷ് വാട്ടര്‍ ക്രൊക്കഡൈലുകളാണ് നെയ്യാറിലുളളത്.
നെയ്യാര്‍ , കബനി , ചാലക്കുടി പുഴകളാണ് കേരളത്തിലെ ചീങ്കണ്ണികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ. സിംഹസഫാരി പാര്‍ക്ക് പൂട്ടിയെങ്കിലും പുതിയ അതിഥികളുടെ വരവോടെ ചീങ്കണ്ണി പാര്‍ക്കില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.