അറുതിയില്ലാതെ സ്കാനിങ് സെന്ററുകളുടെ പകൽക്കൊള്ള. എംആർഐ സ്കാനിന് യഥാർഥ ഫീസിന്റെ ഇരട്ടിയും അതിലധികവുമാണ് മിക്ക സ്വകാര്യ സ്കാനിങ് സെന്ററുകളും വാങ്ങുന്നത്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും എം.ആര്‍.ഐ സൗകര്യമില്ലാത്ത സാഹചര്യമാണ് സ്വകാര്യമേഖല മുതലെടുക്കുന്നത്. മനോരമന്യൂസ് അന്വേഷണം.
കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും ഇടത്തരം സ്വകാര്യ ആശുപത്രികളിൽ നിന്നും ഡോക്ടർമാരുടെ കുറിപ്പടിയുമായി നൂറുകണക്കിന് പേരാണ് ദിവസേന സ്വകാര്യ സ്കാൻ സെന്ററുകളിൽ എത്തുന്നത്. ഗുരുതര രോഗങ്ങളുമായി വരുന്ന ഇവർ അറിയാതെ പോകുന്ന ഒന്നുണ്ട്. നൽകുന്ന തുകയുടെ പകുതിപോലും വരില്ല യഥാർഥ ഫീസ് എന്ന കാര്യം. കൊള്ളയുടെ തോത് അറിയാന്‍ ഒരു സ്കാനിങ് സെന്‍ററിലേക്ക് വിളിച്ചാല്‍മാത്രം മതി.
റിസ്പ്ഷനിസ്റ്റ് : ഹലോ, മെട്രോ സ്കാൻ
രോഗി : മെട്രോ സ്കാൻ ആണോ, അവിടെ എം.ആർ.ഐ സ്കാനിങ് ഉണ്ടോ .
റിസ്പ്ഷനിസ്റ്റ് : എന്നത്തേക്കാണ്
രോഗി : കൊല്ലത്ത് നിൽക്കുകയാണ് ഇന്നോ നാളെയോ .നാളത്തേക്ക് തരാമോ.
റിസ്പ്ഷനിസ്റ്റ് : നാളെ വന്നോളു
രോഗി : എൽ ഫോർ എൽ ഫൈവ് ആണ് ചെയ്യേണ്ടത് എത്രരൂപയാകും
റിസ്പ്ഷനിസ്റ്റ് : ആറായിരത്തി അഞ്ഞൂറ് .
രോഗി : വല്ലതും കുറച്ചു തരുമോ
റിസ്പ്ഷനിസ്റ്റ് : മാനേജരെ കയറി കണ്ടാൽ മതി
ആളുംതരവുമനുസരിച്ച് തുകയില്‍ മാറ്റംവരുമെന്ന് ഫോണ്‍ സംഭാഷണത്തില്‍തന്നെ വ്യക്തം. ഇനി കൊച്ചി ജനറലാശുപത്രിയിലെ എം.ആർ.ഐ സ്കാൻ ബില്‍ കാണുക. ഫീസ് 2250 രൂപമാത്രം . ഇതേ സ്കാനിനാണ് സ്വകാര്യ സ്കാൻ സെന്ററുകളിൽ 6500 മുതൽ 8000 രൂപ വരെ നൽകേണ്ടത്. അതായത് 4250 രൂപ മുതൽ 5750 രൂപ വരെ അധികം.
ഗുരുതരരോഗം ബാധിച്ചവരേയും നിർധനരേയുമാണ് സ്വകാര്യ സ്കാൻ സെന്ററുകൾ ഇങ്ങനെ പിഴിയുന്നത്. സർക്കാർ ഇടപെട്ട് ഫീസ് ഏകീകരിക്കുകയോ പൊതുമേഖലയിൽ സ്കാൻ സെന്ററുകൾ വർധിപ്പിക്കുകയോ ചെയ്യാതെ ഇതിന് പരിഹാരമുണ്ടാകില്ല.