നിങ്ങള്‍ മരിച്ചിരിക്കുന്നു. അക്കാര്യം ഡോക്ടര്‍ ബന്ധുക്കളോട് പറയുന്നു. അവര്‍ കരയുന്നു. ഇതെല്ലാം മരിച്ചശേഷവും നിങ്ങള്‍ക്ക് കാണാം കേള്‍ക്കാം. എത്ര വിചിത്രമല്ലേ. ഇതിനുള്ള സാധ്യത ഓരോ മനുഷ്യനുമുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. മരണശേഷവും ബോധം നിലനില്‍ക്കുമെന്ന കണ്ടെത്തലാണ് ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍വൈയു ലാങ്കോണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡയറക്ടര്‍ ഡോ. സാം പര്‍നിയയുടെ നേതൃത്വത്തിലുളള ഗവേഷക സംഘമാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈദ്യശാസ്ത്രപരമായി മരിക്കുകയും പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയും ചെയ്തവരിലാണ് പഠനം നടത്തിയത്.
ഒരാള്‍ മരിച്ചാല്‍ ഹൃദയം നിലയ്ക്കും. തലച്ചോറിലേയ്ക്കുളള രക്തസംക്രമണം നിലയ്ക്കും. മസ്തിഷ്‌കം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാവും. ഇങ്ങനെ സാങ്കേതികമായി മരിച്ച വ്യക്തി തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടെന്നാണ് ഡോ. സാം പര്‍നിയ പഠനത്തിലൂടെ അവകാശപ്പെടുന്നത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ചിലര്‍ സമാനമായ അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. ഇക്കാര്യങ്ങള്‍ ഗവേഷകസംഘം പിന്നീട് ബന്ധപ്പെട്ട ഡോക്ടര്‍മാരോടും മറ്റും അന്വേഷിച്ച് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
2013ല്‍ മിഷിഗണ്‍ സര്‍വകലാശാലയിലും സമാനമായ ഒരു ഗവേഷണം നടക്കുകയുണ്ടായി. അനസ്‌തേഷ്യ നല്‍കി കൃത്രിമമായി ഹൃദയസ്തംഭനം വരുത്തിയ ഒൻപത് എലികളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഹൃദയം സ്തംഭിച്ചിട്ടും എലികളുടെ തലച്ചോറിനുളളില്‍ ഊര്‍ജ്ജ പ്രവാഹം നടക്കുന്നതായാണ് അന്നത്തെ പഠനത്തില്‍ കണ്ടെത്താനായത്. അതായത് സാങ്കേതികമായി മരണം സംഭവിച്ചാലും ജീവന്‍ പിന്നെയും അവശേഷിക്കുന്നുണ്ടെന്നാണ് ഈ പഠനത്തിലൂടെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.
മരണത്തെകുറിച്ച് ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ പഠനമാണ് ഡോ. സാം പര്‍നിയയുടെ നേതൃത്വത്തില്‍ നടന്നത്. 'സ്‌നേഹം' എന്ന വികാരത്തെകുറിച്ച് എങ്ങനെയാണോ ഗവേഷകര്‍ മനുഷ്യരുടെ അനുഭവങ്ങളിലൂടെ പഠിക്കുന്നതും മനസ്സിലാക്കുന്നതും അതുപോലെ തന്നെയാണ് മരണത്തിലൂടെ കടക്കുമ്പോഴുളള അനുഭവത്തെകുറിച്ച് ഞങ്ങള്‍ പഠിച്ചതെന്നാണ് ഡോ. സാം പര്‍നിയ പറയുന്നത്.