ഒരു കുഞ്ഞിക്കാലിനായി കൊതിക്കുന്നവർ ഇപ്പോഴും നമുക്കു ചുറ്റിലുമുണ്ട്. ഇതിനിടയിൽ കിട്ടിയ കൺമണിയെ ഗർഭത്തിലെതന്നെ നശിപ്പിച്ചു കളയാൻ ശ്രമിക്കുന്നവരും കുറവല്ല. അബോർഷൻ നിയമവിധേയമാകുന്ന കാര്യങ്ങൾക്കപ്പുറം ഒരു പൂവ് പിച്ചിക്കളയുന്ന ലാഘവത്തോടെ ഗർഭപാത്രത്തിൽ വളരുന്ന ഒരു കുഞ്ഞ് ജീവൻ നശിപ്പിച്ചു കളയുന്നവർ വായിച്ചിരിക്കണം ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്. ഗർഭപാത്രത്തിൽ വളരുന്ന ജീവൻ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചതിനെത്തുടർന്ന് ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ച അബോർഷൻ ഒഴിവാക്കാനുള്ള ഒരമ്മയുടെ വിലാപവാക്കുകളാണ് ഇൻഫോക്ലിനിക്കിന്റെ അഡ്മിൻ കൂടിയായ ഡോക്ടർ ഷിംന അസീസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. വായിക്കുന്ന ഏതൊരമ്മയുടെയും കണ്ണുകൾ ഈറനണിയിക്കും ഈ പോസ്റ്റ്
"എനിക്കെന്തെങ്കിലും സംഭവിച്ചാലും വേണ്ടില്ല മാഡം, എന്റെ കുഞ്ഞ് ജീവിച്ചാൽ മതിയായിരുന്നു..."
"കുഞ്ഞിന് തലയോട്ടിയുടെ മേൽ ഭാഗമില്ല. തലച്ചോറ് ഗർഭപാത്രത്തിലെ ആമ്‌നിയോട്ടിക് ദ്രവത്തിൽ തട്ടിയാണ് നിൽക്കുന്നത്. നിങ്ങളുടെ കുഞ്ഞ് ജീവിക്കില്ല. നിങ്ങളുടെ ഗൈനക്കോളജിസ്‌റ്റ് മാഡം പറഞ്ഞതനുസരിച്ച് രണ്ടാമതും സ്‌കാൻ ചെയ്‌തുറപ്പിച്ചതല്ലേ...ആ വൈകല്യം അങ്ങനെ തന്നെയല്ലേ?"
"എന്നാലും അബോർഷൻ...അത് വേണ്ട മാഡം. ഞാൻ പ്രസവിച്ചോളാം. എനിക്ക് പത്ത് മാസം എന്റെ കുഞ്ഞിനൊപ്പം. ഞാൻ മാഡത്തിനെ വന്ന് കാണട്ടേ?.."
"ഞാൻ ഗൈനക്കോളജിസ്‌റ്റല്ല. എംബിബിഎസ് ഇപ്പോ കഴിഞ്ഞേയുള്ളൂ..."
"എന്നാലും വേണ്ടില്ല"
"എന്റെ കുട്ടി കുറച്ച് നാള് കൂടി എന്നോടൊപ്പം തുടർന്നോട്ടെ മാഡം, പ്ലീസ്...എന്നിട്ട് ചെയ്‌താൽ പോരേ..."
നിശ്ശബ്‌ദത..എവിടെയോ മുറിഞ്ഞ് വീഴുന്ന തേങ്ങലുകൾ. പൂ പറിച്ച് വലിച്ചെറിയും പോലെ ലാഘവത്തോടെ കുഞ്ഞുങ്ങളെ പിഴുതെറിയുന്ന നാട്ടിൽ ഒരമ്മ ഒരിക്കലും ജീവിക്കില്ലാത്തൊരു കുഞ്ഞിന് വേണ്ടി...പതിനൊന്ന് ആഴ്‌ച കഴിഞ്ഞു ആ ഗർഭത്തിന്. അവൾക്ക് അത് തുടരണം, ആ കുഞ്ഞിനെ വേണം. ദൈവത്തിന് നിരക്കാത്തത് ചെയ്യരുത്, വൈദ്യശാസ്‌ത്രം തിരിച്ചാവശ്യപ്പെടുന്നു എന്നൊക്കെ പറഞ്ഞ് വിതുമ്പുന്നു. ആശ്വാസവാക്കുകൾക്ക് വേണ്ടിയാണവൾ വിളിച്ചത്.