മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ഉത്തരവിനെതിരെ തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി വെളളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി. കോളജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈവര്‍ഷം പ്രവേശനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ തീരുമാനം റദ്ദുചെയ്യണമെന്ന് കോളജ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഇന്നലെയാണ് അല്‍ അസ്ഹര്‍ കോളജിലെ നൂറ്റിയന്‍പത് സീറ്റുകളിലേക്ക് നടന്ന പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയത്. മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരമില്ലെങ്കിലും പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു.