ഒളിംപിക്സ് മെഡൽ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ ഒളിംപിയ പദ്ധതിയിൽ പരിശീലകൻ, വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തി. ദേശീയ ഗെയിംസിലെ മൽസര നടത്തിപ്പിൽ പന്ത്രണ്ട് കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് തുഴച്ചിലിൽ മുഖ്യപരിശീലകനാകുന്നത്. എട്ടുവർഷത്തേക്ക് 448 കോടിയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്.
സർക്കാർ പദ്ധതിയായ ഓപ്പറേഷൻ ഒളിംപിയയിൽ മുഖ്യപരിശീലകനായെത്തുന്ന യു.ആർ. അഭയനാണ് സാമ്പത്തിക ക്രമക്കേടിന് വിജിലൻസ് അന്വേഷണം നേരിടുന്നത്. വിജിലൻസ് കേസിൽ രണ്ടാം പ്രതിയാണ് അഭയൻ. ഒന്നാം പ്രതി ഡി. വിജയകുമാറിനെ സ്പോട്സ്കൗൺസിൽ ഭരണസമിതിയിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയും കായികമന്ത്രിയും ആവശ്യപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ല. സ്പോട്സ് ലോട്ടറിവിവാദത്തിൽ കൗൺസിൽ പ്രസിഡന്റ് വിജിലൻസ് അന്വേഷണം നേരിടുന്നത് ഇവർ മുതലെടുക്കുന്നു.
കായിക ഇനങ്ങൾക്ക് പരിശീലകരെ നിശ്ചയിക്കുന്നത് അതത് അസോസിയേഷനുകളാണ്. അഴിമതി ബോധ്യപ്പെട്ടതിനെ തുടർന്ന് ഫെഡറേഷൻ കനോയിങ് ആന്റ് കയാക്കിങ് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തെങ്കിലും, കൗൺസിൽ അനുമതിയോടെ അഴിമതി അരോപിതർ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ നീക്കുന്നത്. കണക്കുകൾ സമർപ്പിക്കാറില്ലെങ്കിലും അസോസിയേഷൻ സ്പോട്സ് കൗൺസിൽ കൃത്യമായി ഫണ്ട് നൽകുന്നുണ്ട്. ഓപ്പറേഷൻ ഒളിംപിയയിൽ കനോയിങ് കയാക്കിങ് വിഭാഗത്തിന് 40.72 കോടിയാണ് നീക്കിവച്ചിരിക്കുന്നത്.