മുംബൈയിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച തുടങ്ങിയ മഴ ഇന്ന് ശക്തിപ്രാപിച്ചതോടെ നഗരത്തിന്റെ താഴ്ന്നഭാഗങ്ങൾ വെള്ളത്തിനടിയിലായി. കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മഴയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
2005ന് ശേഷമുള്ള ഏറ്റവും കനത്തമഴയാണ് മുംബൈയില്‍ പെയ്യുന്നത്. ശനിയാഴ്ചയാണ് മഴ ആരംഭിച്ചതെങ്കിലും ഇന്ന് ശക്തിപ്രാപിക്കുകയായിരുന്നു. സയണ്‍, അന്ധേരി, മാട്ടുംഗ, ദാദർ, ഹിന്ദ്മാത, വഡാല, ഘട്‌കോപര്‍, മുളുന്ദ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് നിറഞ്ഞു. ഇത് ഗതാഗത തടസ്സത്തിന് കാരണമായി. ലോക്കൽ ട്രെയിൻ ഗതാഗതം താറുമാറായി. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
മൂന്നിടത്ത് മതിൽ ഇടിഞ്ഞുവീണു. മരങ്ങൾ കടപുഴകി. മഴക്ക് ശമനം ഇല്ലാതായതോടെ ബോംബെ മുൻസിപ്പൽ കോർപറേഷന് കീഴിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം അവതാളത്തിലായി. നഗരത്തിന്റെ പലഭാഗങ്ങളിലും അടുത്ത 24മണിക്കൂര്‍ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നും ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേലിയേറ്റ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത നിർദ്ദേശവും നൽകി. അടിയന്തരസാഹചര്യം നേരിടാൻ ദേശിയ ദുരന്തനിവാരണ സേനയുടെ 5യൂണിറ്റ് മുംബൈയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.