കുട്ടികളിലെ അർബുദത്തിനെതിരായ ബോധവൽക്കരണവുമായി മുംബൈയില്‍ ഒരു മലയാളികൂട്ടായ്മ. ബോധവൽക്കരത്തിൻറെ ഭാഗമായി മുംബൈയിലെ ചരിത്രനിർമിതിയായ ഗേറ്റ് വേ ഓഫ് ഇന്ത്യ സ്വർണനിറമണിഞ്ഞു. ആക്സസ് ലൈഫ് എന്ന സന്നദ്ധസംഘടനയാണ് ഉദ്യമത്തിന് നേതൃത്വംനൽകുന്നത്.
മുംബൈയിലെ ചരിത്രനിർമ്മിതിയായ ഗേറ്റ് വേ ഓഫ് ഇന്ത്യ പതിവില്ലാതെ സ്വർണനിറമണിഞ്ഞു.
അസാധാരണമായ നിറത്തിലുള്ള ദീപാലങ്കാരത്തിൻറെ കാരണം അന്വേഷിച്ചവർക്ക് മുന്നിലേക്ക് ആ കുട്ടിക്കൂട്ടങ്ങൾ പുഞ്ചിരിയോടെ എത്തി. വേദനകൾക്കിടയിലും ഊര്‍ജം മനസിൽ നിറച്ച്. കുട്ടികളിലെ അർബുദം മരണവാറന്റ് അല്ലെന്നും, കൃത്യമായ സമയത്ത് ചികിൽസിച്ചാൽ ഈ പുഞ്ചിരി ജീവിതത്തില്‍ എന്നും നിലനിൽക്കുമെന്നും അവർ പറയാതെപറഞ്ഞു.
അൽപം അറിവും ജാഗ്രതയുമുണ്ടെങ്കിൽ അർബുദത്തിന് വിട്ടുകൊടുക്കാതെ കുരുന്നുകളെ നിറമുള്ള ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന് ആക്സസ് ലൈഫ് പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. അതിന് ആധുനീകചികിൽസ അനിവാര്യമാണ്. ചികിൽസകളെക്കുറിച്ചും, മറ്റും അജ്‍ഞരായ പൊതുസമൂഹത്തിന് വെളിച്ചമാകാനുള്ള കൂട്ടായ്മകൾ മഹാനഗരത്തിൽ വീണ്ടും സംഘടിപ്പിക്കാനാണ് ഈ സന്നദ്ധസംഘടനയുടെ തീരുമാനം.