മുംബൈ ബാന്ദ്രയിലെ ചേരിക്കുള്ളിൽ വൻതീപിടിത്തം. ബാന്ദ്ര ലോക്കൽ റയിൽവേസ്റ്റേഷന് സമീപമാണ് സംഭവം. സമയോചിതമായുള്ള രക്ഷാപ്രവർത്തനംമൂലം ആളപായമുണ്ടായില്ല. വൈകിട്ട് മൂന്നുമണിയോടെ ചേരിക്കുള്ളിൽനിന്ന് ജ്വലിച്ചുയർന്ന തീനാളം, നിമിഷനേരംകൊണ്ട് പ്രദേശമാകെ വ്യാപിച്ചു. മിനുറ്റുകൾക്കുള്ളിൽതന്നെ രക്ഷാദൗത്യം ആരംഭിച്ചു. എങ്കിലും തകരപാളികൊണ്ടും, പ്ലാസ്റ്റികുകൾകൊണ്ടും കെട്ടിയുണ്ടാക്കിയ ചേരിയിലെ നൂറുകണക്കിന് ചെറുകുടിലുകള്‍ അഗ്നിക്കിരയായികൊണ്ടിരുന്നു. ഇതോടെ, സമീപത്തുള്ള ചേരിനിവാസികൾ രക്ഷതേടിപുറത്തേക്കോടി.
ബാന്ദ്ര റയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലത്തിൻറെ ഒരുഭാഗവും, ഒരുബുക്കിങ് ഓഫീസും കത്തി. രക്ഷതേടി ചേരിനിവാസികളും, ഒപ്പം, യാത്രക്കാരും സ്റ്റേഷനിൽനിറഞ്ഞതോടെ ലോക്കൽ ട്രെയിൻ ഗതാഗതം ഏറെനേരംതടസപ്പെട്ടു. പതിനാറുയൂണിറ്റ് ഫയർഎഞ്ചിനുകളെത്തി നാലുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒരു അഗ്നിശമനസേന പ്രവർത്തകനും, നാല് ചേരിനിവാസികൾക്കും പരുക്കേറ്റു. പ്രദേശത്ത് ജലവിതരണത്തിനായി പൈപ്പ്‍ലൈൻ സ്ഥാപിക്കുന്നതിന് ചേരിയുടെ ഒരുഭാഗം പൊളിച്ചുനീക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഗ്യാസ് സിലണ്ടർ പൊട്ടിയതാണ് അപകടകാരണമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.