മുംബൈ മലയാളികളുടെ ആഘോഷ സംഗമവേദിയായി മയൂരം 2017. മലയാളമനോരമ തുടർച്ചായി ഏഴാംവർഷവും നടത്തുന്ന തിരുവാതിരകളി മൽസരത്തിലും, കലാപരിപാടികളിലും നിരവധിപേരാണ് പങ്കാളികളായത്. കത്തുന്ന നിലവിളക്കിന് ചുറ്റും, കസവുടത്ത്, പൂവുചൂടി മലയാളിമങ്കമാർ ചുവടുവച്ചു. മറുനാട്ടിൽ, ജന്മനാടിന്‍റെ മനോഹരമായ ഈണവും താളവും.
മലയാളി കാത്തുസൂക്ഷിക്കുന്ന പൈതൃകത്തിന്റെ മനോഹരമുദ്രകളിലൊന്നാണ് തിരുവാതിര. അതിന്റെ പ്രദർശനത്തിനൊപ്പം, പുതിയതലമുറയെ തിരുവാതിരകളിയെ പരിചയപ്പെടുത്തുക കൂടിയാണ് മയൂരത്തിന്റെ ലക്ഷ്യം. അതിനാൽതന്നെ, മൽസരത്തിനെത്തിയ മുപ്പതോളം ടീമുകളിൽ സ്കൂൾ വിദ്യാർഥികൾ മുതൽ അമ്മമാർവരെയുണ്ടായിരുന്നു. താളത്തിനൊത്ത ചുവടുകൾ, വേഗവിന്യാസത്തിൽ കുമ്മി. നൃത്താധ്യാപിക ശ്രീദേവിഉണ്ണി ഉൾപ്പെടെയുള്ളവർ വിധികർത്താക്കളായി. മൽസരാവസാനം, ഡോംബിവിലി കേരളസമാജം ഒന്നാംസ്ഥാനത്തിന് അർഹർ.
അമ്പതിനായിരംരൂപയാണ് സമ്മാനതുക. ഗായിക ഗായത്രി അശോകൻ മുഖ്യാതിഥിയായി. മൽസരശേഷം, നിർമ്മൽപാലാഴി, പ്രദീപ് ബാലൻ എന്നിവരവതരിപ്പിച്ച ഹാസ്യപരിപാടികളും, പിന്നണിഗായകൻ അൻവർ സാദത്തും സംഘവുംനയിച്ച സംഗീവിരുന്നും. ആടിയും പാടിയും ആർത്തുല്ലസിച്ചും ഒരുപകൽനീണ്ട ആഘോഷങ്ങൾക്ക് സമാപനം.