ഹജ്ജിന്റെ സുപ്രധാന കർമമായ അറഫ സംഗമത്തിന് സമാപനം. പ്രാർഥനയും പശ്ചാത്താപവുമായി ദിവസം മുഴുവൻ അറഫയിൽ ചെലവഴിച്ച തീർഥാടകർ, തുടർ കർമങ്ങൾക്കായി മുസ്ദലിഫയിലേക്ക് നീങ്ങി.
പ്രാർഥനയുടെയും പശ്ചാത്താപത്തിന്റെയും ദിനമായിരുന്നു അറഫയിൽ വ്യാഴാഴ്ച. അറഫ സംഗമത്തില്‍ പങ്കെടുക്കാത്തവരുടെ ഹജ് പൂര്‍ണമാകില്ലെന്നാണ് വിശ്വാസം. അറഫയില്‍ ഒത്തുകൂടിയ തീര്‍ഥാടകര്‍ ളുഹറും അസറും ഒന്നിച്ച് നമസ്കരിച്ച ശേഷം ജബൽ റഹ്മയിൽ ഒത്തുചേർന്ന് അറഫ പ്രഭാഷണം ശ്രവിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ചാണ് അറഫാ പ്രഭാഷണം. സന്ധ്യവരെ ഇവിടെ തങ്ങിയ തീർഥാടകർ തെറ്റുകുറ്റങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞ് പ്രാർഥിച്ചു.
സന്ധ്യയോടെ മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ മഗ്രിബ്, ഇശാ നമസ്കാരം ഇവിടെ നിര്‍വഹിക്കും. തുടര്‍ന്ന് മിനായിലെ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മിനായിലേക്ക് നീങ്ങും. സാത്താന്‍റെ പ്രതീകത്തിന് നേരെയുള്ള കല്ലേറ് കര്‍മമാണ് മിനായിലെ ആദ്യ ചടങ്ങ്. ശേഷം ബലി കര്‍മം നടത്തി തല മുണ്ഡനം ചെയ്യും. തുടര്‍ന്ന് കഅബയുടെ അടുത്തെത്തി പ്രദക്ഷിണവും സഫാ മര്‍വക്കിടയിലെ പ്രയാണവും പൂര്‍ത്തിയാക്കും. ഇതോടെ ഇഹ്റാം വേഷം മാറ്റി പുതുവസ്ത്രമണിയുന്ന ഹാജിമാര്‍ പെരുനാള്‍ ആഘോഷിക്കും.