സ്വകാര്യ ഹജ്ജ് ടൂർഓപ്പറേറ്റർമാരുടെ ക്വാട്ട മുപ്പതുശതമാനമാക്കി ഉയർത്തി ഹജ്ജ് നയ പുനരവലോകന കമ്മിറ്റിയുടെ റിപ്പോർട്ട്. 25 ശതമാനമെന്നുള്ളത് മുപ്പത്ശതമാനമാക്കി ഉയർത്തണമെന്നാണ് ശുപാർശ. അതേസമയം, ശുപാർശകള്‍ എല്ലാം അംഗീകരിക്കാനാകുന്നതല്ലെന്നും വിഷയംചർച്ചചെയ്യണമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി മനോരമ ന്യൂസിനോട് പറഞ്ഞു.
ഓരോ സംസ്ഥാനത്തെയും മുംസ്ലീം ജനസംഖ്യാനുപാതം അനുസരിച്ച് ക്വാട്ട നിശ്ചയിക്കുന്നതാണ് കേന്ദ്രസർക്കാർ നിയോഗിച്ച ഹജ്ജ്നയ കമ്മിറ്റിയുടെ ശുപാർശകൾ. റിട്ട. ഐഎഎസ് ഓഫീസർ അഫ്സൽ അമാനുള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, ശുപാർശകളടങ്ങിയ റിപ്പോർട്ട് കേന്ദ്രന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്‍വിക്ക് സമർപ്പിച്ചു. രാജ്യത്തെ ഹജ് ക്വോട്ടയുടെ 75ശതമാനം സർക്കാരിനും, 25ശതമാനം സ്വകാര്യസ്ഥാപനങ്ങൾക്കുമാണ്. ഇത് 30ശതമാനമാക്കി ഉയർത്തണം. എഴുപത് വയസ് പിന്നിട്ടവർക്കും, മുമ്പ് അവസരംലഭിക്കാതെ നാലാംതവണ അപേക്ഷിക്കുന്നവർക്കുമുള്ള സംവരണം ഇനിവേണ്ട. രാജ്യത്തെ എമ്പാർക്കേഷൻ കേന്ദ്രങ്ങൾ 21ൽനിന്ന് ഒൻപതാക്കണം. ഇതിൽ കൊച്ചിയും ഉൾപ്പെടും.
സ്വകാര്യ ഓപ്പറേറ്റർമാരുടെ പട്ടിക ഓരോവർഷവും പരിശോധിക്കണം. വീഴ്ചവരുത്തുന്നവരെ കരിമ്പട്ടികയിൽപെടുത്തണം. ഇങ്ങനെപോകുന്നു 2012ലെ സുപ്രിംകോടതി നിർദേശപ്രകാരം നിയോഗിച്ച പുനരവലോകന കമ്മിറ്റിയുടെ നിർദേശങ്ങൾ. ചർച്ചചെയത് അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്രന്യൂനപക്ഷ ക്ഷേമമന്ത്രി പറഞ്ഞു. എന്നാൽ, ശുപാർശകളെല്ലാം അംഗീകരിക്കാനാകുന്നതല്ലെന്ന് ഹജ്ജ് കമ്മിറ്റിയംഗംകൂടിയായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. അതേസമയം, കപ്പൽമാർഗം ഹജ്ജ് യാത്രയെന്ന ആശയം കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്ന സമിതി, 2022ഓടെ ഹജ്ജ് സബ്സിഡി നിർത്തലാക്കണമെന്ന സുപ്രിംകോടതി ആവശ്യത്തെക്കുറിച്ച് നിലപാടറിയിച്ചിട്ടില്ല.