തീര്‍ഥാടക ലക്ഷങ്ങളുടെ സംഗമഭൂമിയായി മക്ക. ഹജിന്‍റെ സുപ്രധാന കര്‍മമായ അറഫ സംഗമത്തിനായി മിനായിലെ കൂടാരങ്ങളില്‍നിന്ന് തീര്‍ഥാടകര്‍ നീങ്ങിത്തുടങ്ങി. നാളെയാണ് ബലിപെരുന്നാള്‍.
ഹജ് എന്നാല്‍ അറഫയാണ്. അറഫ സംഗമത്തില്‍ പങ്കെടുക്കാത്തവരുടെ ഹജ് പൂര്‍ണമാകില്ലെന്നാണ് വിശ്വാസം. അറഫയില്‍ ഒത്തുകൂടിയ തീര്‍ഥാടകര്‍ ളുഹറും അസറും ഒന്നിച്ച് നമസ്കരിച്ച ശേഷം ചരിത്ര പ്രസിദ്ധമായ അറഫ പ്രഭാഷണം കേള്‍ക്കാനായി കാരുണ്യത്തിന്‍റെ മലയായ ജബല്‍ റഹ്മയില്‍ അണിചേരും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ചാണ് അറഫാ പ്രഭാഷണം. സന്ധ്യവരെ ഇവിടെ തങ്ങുന്ന തീര്‍ഥാടകര്‍ തെറ്റുകുറ്റങ്ങള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കും.
സന്ധ്യയോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ മഗ്രിബ്, ഇശാ നമസ്കാരം ഇവിടെ നിര്‍വഹിക്കും. തുടര്‍ന്ന് മിനായിലെ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മിനായിലേക്ക് നീങ്ങും. സാത്താന്‍റെ പ്രതീകത്തിന് നേരെയുള്ള കല്ലേറ് കര്‍മമാണ് മിനായിലെ ആദ്യ ചടങ്ങ്. ശേഷം ബലി കര്‍മം നടത്തി തല മുണ്ഡനം ചെയ്യും. തുടര്‍ന്ന് കഅബയുടെ അടുത്തെത്തി പ്രദക്ഷിണവും സഫാ മര്‍വക്കിടയിലെ പ്രയാണവും പൂര്‍ത്തിയാക്കും. ഇതോടെ ഇഹ്റാം വേഷം മാറ്റി പുതുവസ്ത്രമണിയുന്ന ഹാജിമാര്‍ പെരുനാള്‍ ആഘോഷിക്കും.