ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്… ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്… ഇന്നല്‍ഹംദ, വന്നിഅ്മത്ത ലക വല്‍മുല്‍ക്ക്…ലാശരീക്ക ലക്… അറഫയെ പാൽക്കടലാക്കി, ലോക രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷം തീർഥാടകർ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി മിനാ താഴ്‍വരയിൽ സംഗമിച്ചു. കഴിഞ്ഞുപോയ കാലത്ത് ചെയ്തുപോയ തെറ്റുകുറ്റങ്ങൾക്ക് അല്ലാഹുവിനോടു മാപ്പിരന്ന് എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു. നേർവഴി കാട്ടിത്തരാൻ ഉള്ളുരുകി പ്രാർഥിച്ചു.
ഇന്ന്(വ്യാഴം) സൂര്യാസ്മയം വരെ വിശ്വാസലക്ഷങ്ങൾ പ്രാർഥനാ നിർഭരമായ ഒറ്റ മനസ്സോടെ അറഫയിൽ തങ്ങും. മരുഭൂമിയാൽ ചുറ്റപ്പെട്ട മലനിരകളുടെ പ്രദേശമായ അറഫയിലാണ് 1400 വർഷം മുൻപ് പ്രവാചകൻ മുഹമ്മദ് അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പ്രസംഗം നടത്തിയത്. കടങ്ങൾ വീട്ടാനും സാത്താനെ സൂക്ഷിക്കാനും അഞ്ച് നേരം പ്രാർഥിക്കാനും റമസാനിൽ നോമ്പുനോൽക്കാനും ദാനധർമങ്ങൾ നടത്താനും പ്രവാചകൻ അനുയായികളെ ഉപദേശിച്ചു. കൂടാതെ, ജീവിതത്തിലൊരിക്കലെങ്കിലും ഹജ് ചെയ്യാനും ആഹ്വാനം ചെയ്തു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനും അദ്ദേഹം ഉണർത്തിച്ചു.
ഇന്ത്യയടക്കം 160ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികളാണ് ഇപ്രാവശ്യം ഹജിനെത്തിയത്. ഇന്ത്യയിൽ നിന്ന് 1.7 ലക്ഷം ഹജ് ചെയ്യുന്നു. ദരിദ്രനെന്നോ സമ്പന്നനെന്നോ, വെളുത്തവനെന്നോ കറുത്തവനെന്നോ വ്യത്യാസമില്ലാതെ മനുഷ്യർ ഒത്തുകൂടുന്ന ലോകത്തെ ഏറ്റവും വലിയ സംഗമമാണിത്. അറഫാ സംഗമത്തിന് ശേഷം സന്ധ്യയോടെ മുസ്ദലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ മഗ്രിബ്, ഇശാ നമസ്കാരം ഇവിടെ നിര്‍വഹിക്കും. തുടര്‍ന്ന് മിനായിലെ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് നാളെ പുലര്‍ച്ചെയോടെ മിനായിലേക്ക് നീങ്ങും. സാത്താന്‍റെ പ്രതീകത്തിന് നേരെയുള്ള കല്ലേറ് കര്‍മമാണ് മിനായിലെ ആദ്യ ചടങ്ങ്. ശേഷം ബലി കര്‍മം നടത്തി തല മുണ്ഡനം ചെയ്യും. തുടര്‍ന്ന് കഅബയുടെ അടുത്തെത്തി പ്രദക്ഷിണവും സഫാ മര്‍വക്കിടയിലെ പ്രയാണവും പൂര്‍ത്തിയാക്കും. ഇതോടെ ഇഹ്റാം വേഷം മാറ്റി പുതുവസ്ത്രമണിയുന്ന ഹാജിമാര്‍ പെരുനാള്‍ ആഘോഷത്തോടെയാണ് ഹജിന് സമാപനം കുറിക്കുക.