കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പ്രവേശനത്തിനായി വ്യാജ കോൾലെറ്റർ അയച്ച് പണം തട്ടിയത് കേന്ദ്ര ആരോഗ്യമന്ത്രായത്തിൽ നിന്നും വിവരം ചോർത്തിയാണെന്ന് സൂചന. പ്രവേശനം അവസാനിപ്പിച്ചപ്പോൾ സീറ്റൊഴിവുള്ള കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ മാത്രമേ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുള്ളൂ. ഇതേ സമയം ഇന്നലെയും കൂടുതൽ പേർ പ്രവേശനം ലഭിക്കുമോയെന്നന്വേഷിച്ച് കോളേജ് അധികൃതരെ ബന്ധപ്പെട്ടു.
സുപ്രീം കോടതി നിർദേശ പ്രകാരം രാജ്യത്തെ എം.ബി.ബി.എസ് പ്രവേശനം ഓഗസ്റ്റ് 31 ന് അവസാനിച്ചിരുന്നു. ഈ സമയത്ത് കശ്മീർ വിദ്യാർഥികൾക്കുള്ള കേന്ദ്ര ക്വോട്ടയിലെ ഒരു സീറ്റ് മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒഴിവുണ്ടായിരുന്നത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ബന്ധപ്പെട്ട സെക്ഷനെ അറിയിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കോളേജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് സീറ്റ് സംബന്ധിച്ച് വിവരം തിരക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വ്യാജ കോൾ ലെറ്ററുകളുമായി വിദ്യാർഥികളെത്തിയത്.
എൻട്രൻസ് കമ്മീഷണർ നൽകിയ അലോട്മെന്റ് ലിസ്റ്റിൽ കുട്ടികളുടെ പേരും ഉണ്ടായിരുന്നില്ല. എൻട്രൻസ് കമ്മീഷണർ നൽകുന്ന അഡ്മിഷൻ ടിക്കറ്റിന് പകരം കോളേജിന്റെ കോൾ െലറ്റർ കൂടിയായതോടെയാണ് തട്ടിപ്പ് പെട്ടൊന്ന് പൊളിഞ്ഞത്.
കോൾ ലെറ്ററിൽ നൽകിയിരിക്കുന്ന അക്കൗണ്ട് നമ്പർ ബീഹാറിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന പ്രദേശത്തേതാണ്. പാല സ്വദേശി പണം അടച്ചതിന് തൊട്ടുപിന്നാലെ ഈ അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു. ഇതിന്റെ ഉടമകളെ കണ്ടത്തുക പ്രയാസമാണെന്നാണ് പൊലീസ് പറയുന്നത്.