വ്യാജ കോൾലെറ്റർ ഹാജരാക്കി എം.ബി.ബി.എസ് പ്രവേശനം നേടാൻ ശ്രമിച്ച കേസ് പൊലീസ് അവസാനിപ്പിച്ചു. പണം നഷ്ടമായവർക്ക് പരാതിയില്ലാത്തിനാൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. പണം നഷ്ടമായ പത്തനംതിട്ട സ്വദേശിക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നാണ് സൂചന. ഇതുവരെ പരാതി നല്‍കാൻ ഇയാൾ തയ്യാറായിട്ടില്ല.
തിങ്കളാഴ്ചയാണ് വ്യാജ കോൾലെറ്ററുമായി രണ്ടു വിദ്യാർഥികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് എത്തിയത്. ഒറ്റനോട്ടത്തിൽ തന്നെ വ്യാജനാണെന്ന് തിരിച്ചറിഞ്ഞ കോളേജ് പ്രിൻസിപ്പൽ ഇരുവരെയും കയ്യോടെ പൊലീസിന് കൈമാറി. കോളേജിന്റെ പേരും എംബ്ലവും ദുരുപയോഗിച്ചെന്ന് കാണിച്ചെന്ന് പരാതിയും നൽകി.
കേസിനാസ്പദമായ സംഭവം നടന്നത് അധികാരപരിധിയിലല്ലെന്നാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ നിലപാട്. സ്വന്തം സ്റ്റേഷനുകളില്‍ പരാതി നല്‍കാമെന്ന ഉറപ്പിൽ വിട്ടയച്ച വഞ്ചിക്കപ്പെട്ടവർ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. ഇ-മെയിലിൽ കിട്ടിയ കോൾ ലെറ്ററുമായി കോളേജിലെത്തിയെന്ന ഇവരുടെ വിശദീകരണത്തിലും ദുരൂഹതയേറുകയാണ്. രണ്ടു കൊല്ലം പാലായിലെ പ്രമുഖ സ്ഥാപനത്തിൽ പ്രവേശന പരിശീലനം നേടിയ കുട്ടിയ്ക്കാണ് പണം നഷ്ടമായത്.
പ്രവേശന പരീക്ഷയുടെ നടപടിക്രമങ്ങളെ കുറിച്ച് പരിശീലന സ്ഥാപനങ്ങളിൽ വ്യകതമായ മാർഗനിർദേശം നൽകുന്നതിനാലാണ് ഇ-മെയിൽ കഥയിൽ ദുരുഹയേറുന്നത്. ഈ കുട്ടിയുടെ രക്ഷിതാക്കൾ കുറുക്കുവഴിയിൽ മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ചതാണെന്നാണ് സൂചന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തിയിട്ടും അന്വേഷണം നടത്താൻ തയ്യാറാകാത്ത പൊലീസ് നടപടിയിലും ദുരൂഹതയുണ്ട്.