തമിഴ്നാട്ടുകാരന്‍ മുരുകന്‍ ചികില്‍സകിട്ടാതെ മരിച്ച കേസില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊല്ലം മെഡിട്രീന, അസീസിയ തിരുവനന്തപുരം എസ് യു ടി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പതിനൊന്ന് മണിക്ക് എത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പന്ത്രണ്ട് മണിയോടുകൂടിയാണ് ഡോക്ടര്‍മാര്‍ എത്തിയത്. ക്രൈംബ്രാഞ്ച് എസിപി അശോകന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ നാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരത്തിനിറങ്ങുമെന്ന് അറിയിച്ച് കെജിഎംസിടിഎ സര്‍ക്കാരിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പിജി വിദ്യാര്‍ഥികളും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ലെന്നും നടപടിയെടുക്കുന്നത് ഭാവിയില്‍ ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുമെന്നാണ് സംഘടനയുടെ നിലപാട്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് ഡ്യൂട്ടി ഡോക്ടർമാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുരുകന് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികൾക്കെതിരെയും അന്വേഷണം ശക്തമാക്കുന്നത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെയും കൊല്ലം അസീസിയ മെഡിക്കൽ കോളജിലെയും ഡോക്ടർമാരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് അസിറ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ കൊല്ലത്ത് വിളിച്ചുവരുത്തിയാവും ചോദ്യം ചെയ്യൽ. ഇതിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിവിധ വകുപ്പ് മേധാവികളടക്കം ഉയർന്ന ഡോക്ടർമാരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. മെഡിക്കൽ കോളജിന്റെ വീഴ്ച സ്ഥിരീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് ലഭിച്ചേക്കും. ഈ റിപ്പോർട്ടും ചോദ്യം ചെയ്യലിലെ വിവരങ്ങളും പരിശോധിച്ച ശേഷം അറസ്റ്റെന്നാണ് നിലവിലെ തീരുമാനം. അതേസമയം അറസ്റ്റ് ചെയ്താൽ സംസ്ഥാന വ്യാപക പണിമുടക്കെന്ന മുന്നറിയിപ്പുമായി പി.ജി. അസോസിയേഷനും മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും രംഗത്തെത്തി. ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കെ.ജി.എം.സി.ടി.എ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് പണിമുടക്ക് നോട്ടീസ് നൽകും.