പാറശാലയില്‍ നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പിനിരയായ ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ഉദിയന്‍കുളങ്ങര സ്വദേശി വേണുഗോപാലന്‍ നായരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയ പണം മുഴുവൻ വേണുഗോപാലൻ നായർ നിർമൽ കൃഷ്ണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.
വൈകിട്ട് അഞ്ചുമണിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ വേണുഗോപാലൻ നായരെ കണ്ടെത്തിയത്. ഫെബ്രുവരി ഏഴിന് മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹത്തിനായി സ്വരുക്കൂട്ടിയ പതിനേഴുലക്ഷം രൂപ ഇദ്ദേഹം നിർമൽ കൃഷ്ണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഭൂമി വിറ്റുകിട്ടിയ പണമായിരുന്നു ഇത്. ബാങ്കുടമകള്‍ മുങ്ങിയതോടെ വിവാഹം മുടങ്ങുമെന്ന ആശങ്ക വേണുഗോപാലൻ നായർ പലരോടും പങ്കുവച്ചിരുന്നു.
നിര്‍മല്‍ തട്ടിപ്പ് പുറത്തുവന്ന് രണ്ടുമാസമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ബാങ്കുടമകളുടെ സ്വത്ത് കണ്ടുകെട്ടി എത്രയും വേഗം പണം തിരികെ നൽകണമെന്ന നിക്ഷേപകരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. കേരളത്തിലും തമിഴ്നാട്ടിലുമായി പതിനായിരത്തോളം നിക്ഷേപകർക്കാണ് പണം നഷ്ടമായിരിക്കുന്നത്.