തിരുവനന്തപുരം ഉള്ളൂർ മേൽപ്പാലത്തിന് നീളം കൂട്ടാൻ തീരുമാനം. കൊച്ചുള്ളൂരിൽ നിന്നും സിറ്റി കോർപ്പറേഷൻ റെസ്റ്റ് ഹൗസ് വരെ നിർദിഷ്ട പാലം നിർമ്മിക്കാനാണ് പുതിയ തീരുമാനം. എന്നാൽ പാലം മെഡിക്കൽ കോളജ് വരെ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പത്തുമിനിറ്റിനിടെ ഇതുവഴി കടന്നു പോയത് ഇതുപോലെ നാല് ആംബുലൻസുകളാണ്. ഗതാഗതക്കുരുക്കും സിഗ്നലുകളും മറികടന്ന് സമീപമുള്ള മെഡിക്കൽ കോളജിലേക്കുള്ള യാത്ര.തിരക്കേറിയ ഈ വഴിയിലെ ഗതാഗതക്കുരുക്ക് മേൽപ്പാലത്തിന്റെ വരവോടെ അഴിയുമെന്നാണ് പ്രതീക്ഷ. നിലവിലെ പ്ളാനിൽ വ്യത്യാസം വരുത്തി പാലം മെഡിക്കൽ കോളജ് വരെ നീട്ടിയാൽ കൂടുതൽ പ്രയോജനപ്പെടുമെന്ന് നാട്ടുകാർ പറയുന്നു.
ഇതേ ആവശ്യം നിർമാണചുമതലയുള്ള ഡി.എം.ആർ.സിക്കു മുമ്പിൽ സർക്കാർ വച്ചിരുന്നു. എന്നാൽ അഞ്ചു റോഡുകൾ വന്നുചേരുന്ന മെഡിക്കൽ കോളജ് ജങ്ഷനിലേയ്ക്ക് പദ്ധതി നിട്ടുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് ഡി.എം.ആർ.സി. മേൽപ്പാലത്തിന്റെ ഇരു വശങ്ങളിലുമായി 26 മീറ്റർ വീതം നീളം കൂട്ടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നിർമാണ ചെലവും ആനുപാതികമായി ഉയരും. പഴയ പദ്ധതി പ്രകാരം 52 കോടി രൂപയിലധികമാണ് ചെലവു കണക്കാക്കിയിരുന്നത്. പാലത്തിന്റെ ആകെ നീളം 443 മീറ്ററായി വർധിക്കുകയും ചെയ്യും.