റസിഡൻസ് അസോസിയേഷനുകൾക്കുള്ള എൻഡോവ്മെന്റിനും ഇനി സർക്കാർ ഗാരന്റി നൽകും. എൻഡോവ്മെന്റുകൾക്കു ആനുപാതികമായ തുക സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഡയറക്ടറേറ്റിൽ സ്ഥിരനിക്ഷേപമായി ഇട്ടാൽ മതി. അമ്മയുടെ പേരിൽ എൻഡോവ്മെന്റ് ഏർപ്പെടുത്തണമെന്ന നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഗിരിജാ പ്രദീപിന്റെ ഏറെക്കാലത്തെ പരിശ്രമമാണ് ഒടുവിൽ വിജയം കണ്ടത്.
ആദ്യമായി എൻഡോവ്മെന്റ് ഏർപ്പെടുത്തിയ റസിഡൻസ് അസോസിയേഷൻ എന്ന ഖ്യാതി ഇനി തിരുവനന്തപുരം പ്രാവച്ചമ്പലം സൗഹൃദഗ്രാമത്തിന് സ്വന്തം. കുഞ്ഞുനാളിലെയുള്ള അഛന്റെ മരണശേഷം വളർത്തി വലുതാക്കി എൽഎൽഎമ്മിന്റെ രണ്ടാം റാങ്ക് വരെ നേടാൻ പ്രചോദനമായ അമ്മ പദാമാവതിയ്ക്കുവേണ്ടി എൻഡോവ്മെന്റ് ഏർപ്പെടുത്തണമെന്ന ഗിരിജാ പ്രദീപിന്റെ ആഗ്രഹമാണ് , സംസ്ഥാനത്തിനു മുഴുവൻ ബാധകമായ പുതിയ ഉത്തരവിനു പിന്നിൽ. ഓഡിറ്റു വകുപ്പിന്റെ റജിസ്ട്രേഷനുള്ള എൻഡോവ്മെന്റുകൾ വ്യക്തികളോ സംഘടനകളോ വിചാരിച്ചാൽ പിൻവലിക്കാൻ കഴിയില്ല. ഈ തുകയുടെ പലിശയാണ് വർഷാവർഷം എൻഡോവ്മെന്റായി നൽകുന്നത്.
വ്യക്തികളും സംഘടനകളും ഏർപ്പെടുത്തുന്ന എൻഡോവ്മെന്റുകൾ റജിസ്റ്റർ ചെയ്യുന്ന മാതൃകയിൽ ചാരിറ്റബിൾ എൻഡോവ്മെന്റ് റജിസ്റ്റർ ചെയ്യാം. നേമത്തെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസും ഗിരിജ പ്രദീപിനു തുണയായി.