ഓണക്കാല ചെലവിനെ തുടർന്ന് കൊണ്ടുവന്ന ട്രഷറി നിയന്ത്രണം നീക്കാതെ ധനവകുപ്പ്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറിക്കൊടുക്കേണ്ട എന്നാണ് നിർദേശം. 15ാം തീയതി വരെ പ്രാബല്യത്തിലുണ്ടായിരുന്ന നിയന്ത്രണം തുടരാൻ ധനവകുപ്പ് നിർദേശം നൽകുകയായിരുന്നു. ശമ്പളം, പെൻഷൻ ഇനത്തിലായി 12000 കോടിരൂപ ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിലാണ് താൽക്കാലിക നിയന്ത്രണം.
സാമ്പത്തിക പ്രതിസന്ധിയല്ല ട്രഷറി നിയന്ത്രണത്തിന് കാരണമെന്നാണ് ധനവകുപ്പ് പറയുന്നത്. ഓണക്കാലത്തുണ്ടായ വൻ ചെലവിനെ നേരിടാനുള്ള മുൻകരുതൽ എന്ന നിലയിലാണ് 25 ലക്ഷം രൂപവരെയുള്ള ബില്ലുകളും ചെലവുകളും അനുവദിക്കേണ്ട എന്ന് തീരുമാനിച്ചത്. ഓണത്തിന് മുമ്പ് നിയന്ത്രണം പ്രാബല്യത്തിലായി. മുമ്പ് ഒരുകോടി രൂപയായിരുന്നു പരിധി. രണ്ടുമാസം മുമ്പ് 50 ലക്ഷം രൂപയും. ഓണം ഈ മാസം തുടക്കത്തിലായതിനാൽ കഴിഞ്ഞമാസം തന്നെ സർക്കാർ ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം വിതരണം ചെയ്തിരുന്നു. ഉൽസവബത്ത, പെൻഷൻ, ക്ഷേമപെൻഷൻ എന്നിവയെല്ലാം ചേർന്നതോടെ ചെലവ് 12000 കോടിരൂപയായി.
ജി.എസ്.ടി നടപ്പാക്കിയതിനുശേഷമുള്ള ആദ്യമാസത്തെ നികുതിവരുമാനത്തിൽ അഞ്ഞൂറ് കോടിയോളം രൂപയുടെ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഇതും ഇപ്പോഴത്തെ ട്രഷറി നിയന്ത്രണവുമായി ബന്ധമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ വിശദീകരിക്കുന്നു. നിലവിലെ നിയന്ത്രണം ഏറെ നീളില്ല എന്നും സൂചനയുണ്ട്.