സംസ്ഥാനത്ത് ഇടതു സർക്കാർ ബാർ അറ്റാച്ഡ് സ്കൂളുകൾ തുടങ്ങിയാലും അദ്ഭുതപ്പെടേണ്ടെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ. മദ്യനയത്തിനെതിരെ കണ്ണൂർ ഡിസിസി നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ പരിധികൾക്കു പുറമെ സ്പെഷൽ ഗ്രേഡ് പഞ്ചായത്തുകളുടെ പരിധിയിലും ദേശീയപാതയും സംസ്ഥാന പാതയും ഡീ നോട്ടിഫൈ ചെയ്യാൻ സർക്കാർ നീക്കം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയുടെ വിവാദ പ്രസംഗത്തെ പറ്റി സതീശൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ‘അവരുടെ ഒരു മണിക്കൂർ പ്രസംഗം മുഴുവൻ പ്രകോപനപരമായ വാചകങ്ങളാണ്. മതേതര പ്രവർത്തകരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കോൺഗ്രസുകാരെ ഉദ്ദേശിച്ചാണെന്നാണ് ഇപ്പോൾ പറയുന്നത്. കർണാടകയിലെ ബിജെപിക്കാർ പോലും ഉന്നയിക്കാത്ത ആരോപണമാണിത്. എഴുത്തുകാരെ ഉപദേശിക്കാൻ ഇവർ ആരാണ്? ഹിന്ദുക്കളുടെ വക്താവായി ഇവരെ ആരാണ് നിയോഗിച്ചത്?
‘ഹിന്ദു ഐക്യവേദി വെറും കടലാസ് സംഘടനയാണ്. ബിജെപിക്കാർക്കു പറയാൻ പറ്റാത്ത ചില കാര്യങ്ങൾ പറയാൻ വേണ്ടി ഉണ്ടാക്കിയ സംഘടന. ബിജെപിക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഉത്തരേന്ത്യയിലെ ചില നേതാക്കളെ അനുകരിച്ച്, തീവ്രഹിന്ദു നേതാവാകാനാണ് അവരുടെ ശ്രമം. കേരള ചരിത്രം കളങ്കപ്പെടുത്താനാണ് അവർ നോക്കുന്നത്. കേരളം അതിനു പറ്റിയ മണ്ണല്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പല വകുപ്പുകൾ പ്രകാരം കുറ്റകരമാണ് ശശികലയുടെ പ്രസംഗം. കേസെടുക്കും മുൻപു പൊലീസിനു നിയമോപദേശം തേടാവുന്നതാണെന്നും വി.ഡി.സതീശൻ പറഞ്ഞു.