മാനഭംഗക്കേസില്‍ ജയിലിലായ ദേരാസച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്‍റെ ദത്തുപുത്രിയും പിടികിട്ടാപുള്ളിയുമായ ഹണിപ്രീത് ഇന്‍സാന്‍ അറസ്റ്റില്‍. 38 ദിവസത്തെ ഒളിവുജീവിതത്തിനു ശേഷമാണ് ഹണിപ്രീതിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ഗുര്‍മീത് സിങ്ങിനെ കോടതി കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ കലാപം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ഗുര്‍മീത് റാം റഹീം ജയിലിലായതിനെത്തുടര്‍ന്ന് ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ കലാപം നടന്നിരുന്നു. ഈ കേസില്‍ രാജ്യദ്രോഹം, കലാപശ്രമം എന്നീ കുറ്റങ്ങളിന്‍മേലാണ് അറസ്റ്റെന്ന് പാഞ്ച്്കുള പൊലീസ് കമ്മീഷ്്ണര്‍ എ.എസ് ചൗള പറഞ്ഞു. ചണ്ഡീഗഡിനു സമീപം സിറക്്പൂരില്‍ നിന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് അറസ്റ്റിലായ ഹണിപ്രീതിനെ നാളെ കോടതിയില്‍ ഹാജരാക്കും.
ഹണിപ്രീത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. നേപ്പാളിലും ഉത്തരേന്ത്യയിലും പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ ചാനലിന് ഹണിപ്രീത് അഭിമുഖം നല്‍കിയത് വിവാദത്തിലായിരുന്നു. ഗുര്‍മീത് സിങ് ആരെയും മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും കലാപം നടത്തിയിട്ടില്ലെന്നും അഭിമുഖത്തില്‍ പറഞ്ഞ ഹണിപ്രീത്, അരോപണങ്ങളെല്ലാം നിഷേധിച്ചു. ഗുര്‍മീതുമായി അച്ഛനും മകളുമെന്ന ബന്ധമാണെന്നും അവിഹിത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഹണിപ്രീത് വ്യക്തമാക്കി.