മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീതിനോടു പൊലീസ് മുമ്പാകെ കീഴടങ്ങാൻ ബന്ധുക്കളുടെ അഭ്യർഥന. കഴിഞ്ഞ ദിവസം ഹണിപ്രീതിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനിടെ, തന്റെ ജീവനു ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹണിപ്രീതിന്റെ മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത പൊലീസിനെ സമീപിച്ചു. ഹണിപ്രീതിനെതിരെ ഉയർന്ന ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നു ബന്ധു വിനയ് തനേജ മാധ്യമങ്ങളോടു പറഞ്ഞു.
2002 വരെ സിർസയിലെ ദേരാ ആസ്ഥാനത്തു ഹണിപ്രീതിനെ സന്ദർശിച്ചിരുന്നു. ഗുർമീതിന്റെ ഗുഹയ്ക്കു സമീപമുള്ള ബംഗ്ളാവിലാണു സഹോദരി താമസിച്ചിരുന്നത്. ഇപ്പോൾ കേൾക്കുന്ന കാര്യങ്ങളിൽ വിഷമമുണ്ടെന്നും വിനയ് തനേജ പറഞ്ഞു. ഹണിപ്രീതും ഗുർമീതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിഞ്ഞു ഞെട്ടിയെന്നു മറ്റൊരു ബന്ധുവായ അശോക് ബബ്ബാർ പറഞ്ഞു.
ഹണിപ്രീതിന്റെ വിവാഹത്തിനു ശേഷം അവരെ സന്ദർശിച്ചിട്ടില്ല. എന്നാൽ, ദേരാ ആസ്ഥാനത്തു കഴിഞ്ഞിരുന്ന ഹണിപ്രീതിന്റെ മാതാപിതാക്കളെ താൻ ഇടയ്ക്കു സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് അശോക് പറഞ്ഞു. റാം റഹിം ജയിലിലായതോടെ ഹണിപ്രീതിന്റെ മാതാപിതാക്കളെക്കുറിച്ചും വിവരമില്ല.
മുൻ ഭാര്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതോടെ തന്റെ ജീവനു ഭീഷണിയുണ്ടെന്നാണു വിശ്വാസ് ഗുപ്ത പൊലീസിൽ പരാതി നൽകിയത്. അജ്ഞാതൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 1999ൽ ഹണിപ്രീതിനെ വിവാഹം ചെയ്ത ഗുപ്ത 2011ലാണു ബന്ധം ഒഴിയാൻ കേസ് ഫയൽ ചെയ്തത്.
മാനഭംഗക്കേസിൽ ഗുർമീത് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതോടെ പഞ്ച്കുളയിൽ കലാപമുണ്ടാക്കിയ കേസിൽ ഹണിപ്രീതിനെതിരെ ഹരിയാന പൊലീസ് കഴിഞ്ഞമാസം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഹരിയാന, രാജസ്ഥാൻ, യുപി, ബിഹാർ, ഡൽഹി എന്നിവയ്ക്കു പുറമേ നേപ്പാൾ അതിർത്തിയിലും ഹണിപ്രീതിനായി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിട്ടില്ല.