മാനഭംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുർമീത് റാം റഹിം സിങിന്റെ വളർത്തുമകൾ ഹണിപ്രീത് ഇൻസാൻ (പ്രിയങ്ക തനേജ) ഇന്ന് കീഴടങ്ങിയേക്കും. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഹണിപ്രീത്, റാം റഹിമിന്റെ നിർദേശമനുസരിച്ചാണ് കീഴടങ്ങുന്നതെന്നാണ് സൂചന. ഇരുവരും തമ്മിൽ അച്ഛൻ–മകൾ ബന്ധമല്ലെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. ഗുർമീതിന്റെ ജയിൽശിക്ഷയെ തുടർന്ന് പഞ്ച്കുളയിലും സമീപ പ്രദേശങ്ങളിലും കലാപത്തിന് ആഹ്വാനം ചെയ്തത് ഹണിപ്രീത് ആണെന്നാണ് ഹരിയാന പൊലീസ് പറയുന്നത്.
അതിനിടെ, ഗുർമീതും താനും അച്ഛനും മകളും പോലെയാണെന്നും അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ പ്രചാരണം നടത്തരുതെന്നും ഹണിപ്രീത് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിർസയിലെ ആശ്രമത്തിൽ ആരും മാനഭംഗപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങളെല്ലാം കളവാണെന്നും അവർ അഭിപ്രായപ്പെട്ടു. 36 ദിവസത്തെ ഒളിവുജീവിതത്തിനു ശേഷം പുറത്തെത്തിയ ഹണിപ്രീതുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.
∙ എന്താണ് ഇപ്പോഴത്തെ അവസ്ഥ?
ഹണിപ്രീത്: മാധ്യമങ്ങളിൽ പ്രചരിച്ച ഹണിപ്രീത് യാഥാർഥ്യത്തിലുള്ളതല്ല. കഥകളാണ് പ്രചരിക്കുന്നത്. എല്ലാ സംഭവങ്ങളുടെയും പിന്നിൽ ഞാനാണെന്ന തരത്തിലാണ് കേൾക്കുന്നത്. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ വിവരിക്കാനാവില്ല. രാജ്യദ്രോഹി എന്നെന്നെ വിളിക്കുന്നത് പൂർണമായും തെറ്റാണ്. ഇന്ത്യയെ അങ്ങേയറ്റം സ്നേഹിക്കുന്ന ദേശസ്നേഹികളായ തങ്ങളോട് ഈ രീതിയില്‍ എങ്ങനെ പെരുമാറാന്‍ കഴിയും? കനത്ത പൊലീസ് സുരക്ഷയിൽ കഴിഞ്ഞിരുന്ന തനിക്ക് എങ്ങനെയാണ് രാജ്യദ്രോഹിയാവാൻ സാധിക്കുക. പപ്പയെ ഉടൻ കാണാൻ കോടതി അനുവദിക്കുമെന്നാണു പ്രതീക്ഷ.
∙ വലിയ വില്ലത്തിയായാണ് ഹണിപ്രീതിനെ ചിത്രീകരിക്കുന്നത്?
നിങ്ങൾ കാര്യങ്ങളെല്ലാം കാണുന്നതല്ലെ. ഞാൻ കുറ്റക്കാരിയാണോ? ഒരു മകൾ ചെയ്യുന്നതു മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. കൂടുതൽ സംസാരിക്കാൻ വയ്യ. കലാപത്തിൽ എനിക്കൊരു പങ്കുമില്ല. അന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയിൽ എല്ലാം നന്നായി നടക്കുമെന്നാണു കരുതിയത്. വൈകിട്ടോടെ മടങ്ങാനാകുമെന്നും പ്രതീക്ഷിച്ചു. എന്നാൽ കോടതിവിധി ഞങ്ങൾക്ക് എതിരായിരുന്നു. ഞങ്ങളുടെ ബുദ്ധിയും മനസ്സും മരവിച്ചു. പിന്നെ എങ്ങനെയാണ് കലാപമൊക്കെ ആസൂത്രണം ചെയ്യാൻ കഴിയുക?
∙ ഗുർമീതും താങ്കളുമായുള്ള ബന്ധം എങ്ങനെയാണ് ?
എങ്ങനെയാണ് അച്ഛനും മകളും തമ്മിലുള്ള പവിത്ര ബന്ധത്തെപ്പറ്റി ആളുകൾക്കു ചോദ്യം ചെയ്യാനാവുന്നത്. മാധ്യമങ്ങൾ എന്ന ചിത്രീകരിച്ച രീതിയിൽ ആശങ്കയുണ്ട്. ഇത്രയും പർവതീകരിച്ചത് മാധ്യമങ്ങളാണ്. മകളെ കൈക്കുമ്പിളിൽ ഏതൊരു പിതാവും സൂക്ഷിക്കില്ലേ? അച്ഛനെ സ്നേഹിക്കാൻ മകൾക്ക് അവകാശമില്ലേ?
∙ നിങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നവരുടെ കുറ്റപ്പെടുത്തലിനെപ്പറ്റി?
അവരൊക്കെ സമുദായത്തിന് അത്ര പ്രധാനപ്പെട്ടവരാണോ? എന്റെ മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത അവിടെ ആരുമല്ല. അവരെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല.
∙ എന്താണ് പൊലീസിനു മുന്നിൽ ഹാജരാകാത്തത്?
ഞാൻ വിഷാദത്തിൽപ്പെട്ടു. പിതാവ് ജയിലിൽ അടയ്ക്കപ്പെടുമ്പോൾ ദേശസ്നേഹത്തെക്കുറിച്ചാണോ ഒരു മകൾ സംസാരിക്കേണ്ടത്. നിയമകാര്യങ്ങളെപ്പറ്റി എനിക്കറിവില്ല. പിതാവിന്റെ അഭാവത്തിൽ ഞാൻ നിസ്സഹായയായി. ആളുകളുടെ നിർദ്ദേശമനുസരിച്ചാണ് ഞാൻ പ്രവർത്തിച്ചത്. ഇപ്പോൾ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ ഹാജരാവാൻ പോവുകയാണ്. എന്റെ മാനസികാവസ്ഥ ശരിയാകാൻ കുറെക്കൂടി സമയം വേണ്ടിവരും.
∙ ദേരാ ആസ്ഥാനത്ത് അസ്ഥികൂടങ്ങൾ കണ്ടെത്തിയതിനെപ്പറ്റി?
ദേരാ ആശ്രമ പരിസരത്ത് അസ്ഥികൂടങ്ങൾ കണ്ടെത്തിയോ? അതെല്ലാം വെറും വർത്തമാനങ്ങൾ മാത്രമാണ്. തെളിയിക്കാനാവില്ല. എന്റെ പപ്പ കുറ്റക്കാരനല്ല. അദ്ദേഹം നിരപരാധിയാണെന്നു കാലം തെളിയിക്കും.
∙ ദേരാ ആശ്രമത്തിൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി വാർത്തകളുണ്ട്. മറ്റു കഥകളെപ്പറ്റി?
ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്നത് എങ്ങിനെയാണ്? ദേരാ ആശ്രമത്തിൽ ഒരു സ്ത്രീയും പീഡിപ്പിക്കപ്പെട്ടിട്ടില്ല. മറ്റ് സ്ത്രീകളുടെ അഭിപ്രായങ്ങൾ പരിഗണിക്കാൻ അധികൃതർ തയാറായില്ല. പരാതിക്കാരിയായ സ്ത്രീ മുന്നോട്ടു വന്നതുമില്ല.
∙ ഇത്രയും ദിവസം എവിടെയായിരുന്നു?
പപ്പ ജയിലിൽ ആയതോടെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായി. ആരൊക്കെയോ എന്ന ഡൽഹിയിൽ എത്തിച്ചു. ഇപ്പോൾ ഞാൻ പഞ്ചാബ്, ഹരിയാൻ ഹൈക്കോടതിയിലേക്കുള്ള യാത്രയിലാണ്. നേപ്പാളിലേക്ക് പോയിട്ടില്ല. നിയമോപദേശം തേടിയിട്ടുണ്ട്. ഗുർമീതിനും ആശ്രമത്തിനും തനിക്കും എതിരായുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. ഇതൊന്നും അനുയായികൾ വിശ്വസിക്കരുത്.
ഒരു നടിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു താല്‍പ്പര്യമെന്നും ഹണിപ്രീത് വെളിപ്പെടുത്തി. എന്നാല്‍ പറ്റിയ നടിയെ കിട്ടാതെ വന്നപ്പോള്‍ പപ്പയുടെ സിനിമയിൽ അഭിനയിച്ചതാണെന്നും ഹണിപ്രീത് പറഞ്ഞു. ഗുർമീതിനെ ജയിലിൽ അടച്ചതിനു പിന്നാലെ ഹണിപ്രീത് നേപ്പാളിലേക്ക് കടന്നെന്നായിരുന്നു റിപ്പോർട്ട്. പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹണിപ്രീതിനെ തേടി അന്വേഷണ സംഘം ഡൽഹിയിലും നേപ്പാളിലും പോയിരുന്നു. ഹണിപ്രീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.