ആക്രിസാധനങ്ങൾ വിറ്റതിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി കപ്പൽശാലയിലെ അസിസ്റ്റൻറ് ജനറൽ മാനേജർക്കെതിരെ സിബിഐ കേസെടുത്തു. സംഭവത്തെത്തുടർന്ന് കൊച്ചി കപ്പൽശാലയിൽ സിബിഐ റെയ്ഡ് നടത്തി. അസിസ്റ്റൻറ് ജനറൽ മാനേജർ എൻ. അജിത്കുമാർ, ആക്രിസാധനങ്ങൾ നീക്കാൻ കരാറെടുത്തിരുന്ന സ്ഥാപനമായ സൗത്ത് ഇന്ത്യൻ സ്ക്രാപ് ട്രേഡേഴ്സ് , സ്ഥാപനമുടമ പി. എ മുഹമ്മദാലി എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സ്റ്റീലും ഇരുമ്പുമടക്കം 1000 മെട്രിക് ടൺ ആക്രിസാധനങ്ങൾ വിറ്റതിൽ കോടിക്കണക്ക് രൂപയുടെ അഴിമതി നടന്നെന്നാണ് പ്രാഥമിക കണ്ടെത്തൽ. പുതിയ ഡോക് യാർഡ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുന്നതിനാൽ ആക്രിസാധനങ്ങൾ വേഗത്തിൽ മാറ്റാൻ ടെൻഡർ വിളിക്കാതെ കരാർ നൽകിയെന്നുംകണ്ടെത്തി. നിർമാണത്തിൽ ബാക്കി വന്ന 21 ലക്ഷം രൂപയുടെ 300 ലോഡ് സ്റ്റീലുകൾ ഒന്നരലക്ഷം രൂപയ്ക്ക് ഇങ്ങനെ വിറ്റഴിച്ചെന്നും കണ്ടെത്തി.
നാല് ഘട്ടങ്ങളിലായി മുൻകൂർ പണം നൽകിയ ശേഷം വേണം ആക്രിസാധനങ്ങൾ എടുക്കാൻ എന്ന മാനദണ്ഡം പാലിച്ചില്ലെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ കപ്പൽ ശാലയ്ക്കുള്ളിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. നല്ല സ്റ്റീൽ വേർതിരിച്ചു നോക്കിയാണ് എടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി.