നെട്ടൂർ കുണ്ടന്നൂർ സമാന്തരപാലം യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ ധർണ. നാല് വർഷം മുൻപാരംഭിച്ച പാലം നിർമാണം ഇപ്പോഴും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ ജനകീയ സമരത്തിന് തുടക്കമിടുന്നത്.
നെട്ടൂരിലെ തുരുത്തിൽ താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്നതിനായി ഒരു പാലമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ നിരന്തരപ്രതിഷേധങ്ങൾക്കൊടുവിൽ 2013 ൽ യുഡിഎഫ് സർക്കാർ പാലത്തിനായി മുപ്പത് കോടി രൂപ അനുവദിച്ചു. ഒക്ടോബർ മൂന്നിന് ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ പാലത്തിന്റെ നിർമാണവും ആരംഭിച്ചു. രണ്ട് വർഷത്തിനകം പാലം ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നിർമാണം തുടങ്ങി വർഷം നാല് പിന്നിട്ടിട്ടും നാൽപത് മീറ്റർ മാത്രം നീളമുള്ള പാലത്തിൽ നിർമാണം ഇഴയുന്നു.
പാലം ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് എഐൻടിയുസി കുണ്ടന്നൂർ ജംഗ്ഷനിൽ ജനകീയ ധർണ സംഘടിപ്പിച്ചത്. പാലംപണി ഉടൻ തീർത്തില്ലെങ്കിൽ കൂടുതൽ പ്രദേശവാസികളെ ഉൾപ്പെടുത്തി സമരം വിപുലമാക്കാനാണ് തീരുമാനം