മീസിൽസ് റുബെല്ല പ്രതിരോധ കുത്തിവയ്പ് എറണാകുളം ജില്ലയിലെ പരമാവധി കുട്ടികൾക്കും ലഭ്യമാക്കാൻ ഊർജിത പ്രവർത്തനങ്ങളുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയും. പ്രതിരോധ ദൗത്യം പൂർത്തിയാകാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെ ജില്ലയിലെ 64 ശതമാനം കുട്ടികളാണ് കുത്തിവയ്പ് എടുത്തത്. എംആർ പ്രതിരോധദൗത്യത്തിനെതിരെ സമൂഹ മാധ്യങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കെ.ജി.എം.ഒ.എ പൊലീസ് കമ്മിഷണർക്കും, ജില്ലാ കലക്ടർക്കും പരാതി നൽകി.
ഈ മാസം മൂന്നിന് ആരംഭിച്ച മീസിൽസ് റുബെല്ല പ്രതിരോധ കുത്തിവയ്പ് ദൗത്യം അവസാനിക്കാൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കി. എറണാകുളം ജില്ലയിൽ 63.72 ശതമാനം കുട്ടികൾ മാത്രമാണ് ഇതിനോടകം കുത്തിവയ്പ് എടുത്തത്. എംആർ പ്രതിരോധകുത്തിവയ്പിനെ കുറിച്ചുള്ള തെറ്റായ പ്രചാരണം പൊതുജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കുന്നതായി ഡോക്ടർമാർ ആരോപിക്കുന്നു. കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണം കുറയാനും ഇത് കാരണമായിട്ടുണ്ട്. ജില്ലയിലെ പല സിബിഎസ്ഇ വിദ്യാലയങ്ങളിലും പരിപൂർണ വാക്സിനേഷൻ ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.
വാക്സിനേഷനെതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെജിഎംഒഎയുടെ തീരുമാനം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.