നവംബർ ഒന്നിനു നിലവിൽ വരുന്ന പുതിയ റെയിൽവേ സമയക്രമത്തിൽ കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ ആവശ്യപ്പെട്ട പ്രധാന ട്രെയിനുകൾ ലഭിക്കാനുള്ള സാധ്യത മങ്ങി. പട്ടികയിലുണ്ടായിരുന്ന ട്രെയിനുകളിൽ പലതും റെയിൽവേ ബോർഡ് തഴഞ്ഞതായാണു സൂചന.പ്രധാന ശുപാർശകളായിരുന്ന എറണാകുളം-രാമേശ്വരം, എറണാകുളം-സേലം ഇന്റർസിറ്റി,കൊച്ചുവേളി-ഗുവാഹത്തി, മംഗളൂരു-രാമേശ്വരം, കൊച്ചുവേളി-ഹൈദരാബാദ്,കൊച്ചുവേളി-ബെംഗളൂരു ട്രെയിനുകൾ ലഭിക്കില്ല.
അമൃത,രാജ്യറാണി ട്രെയിനുകൾ രണ്ടു പ്രത്യേക ട്രെയിനാക്കാനുള്ള നിർദേശവും ബോർഡ് അംഗീകരിച്ചില്ല.സംസ്ഥാന സർക്കാരും എംപിമാരും റെയിൽവേ ബോർഡിൽ സമർദം ചെലുത്തിയാൽ മാത്രമേ ഇനി ട്രെയിനുകൾ ലഭിക്കൂ.അതേ സമയം തിരുവനന്തപുരം -പാലക്കാട് അമൃത എക്സ്പ്രസ്,മധുര വരെ നീട്ടും.കൊച്ചുവേളി -മംഗളൂരു ജംക്‌ഷൻ സ്പെഷൽ ആഴ്ചയിൽ രണ്ടു വീതമുള്ള സർവീസായി സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.തിരുനെൽവേലി-ഗാന്ധിധാം,ജബൽപൂർ-കോയമ്പത്തൂർ സ്പെഷൽ ട്രെയിനുകളും സ്ഥിരപ്പെടുത്തും.തമിഴ്നാടിനു പുതിയതായി തിരുനെൽവേലി-ചെന്നൈ,താംബരം -ചെങ്കോട്ട ട്രെയിനുകൾ ലഭിക്കും.ചെന്നൈ-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് കൊല്ലം വരെയും ചെന്നൈ-പൊള്ളാച്ചി എക്സ്പ്രസ് പാലക്കാട് വരെയും നീട്ടും.
ഡിസംബറിൽ കമ്മിഷൻ ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന പുനലൂർ-ചെങ്കോട്ട പാതയിലൂടെയുള്ള പുതിയ സർവീസുകളൊന്നും സമയക്രമത്തിൽ ഇടം നേടിയിട്ടില്ല.ഗുരുവായൂർ-രാമേശ്വരം,കൊച്ചുവേളി-ചെന്നൈ,എറണാകുളം-വേളാങ്കണി,കൊച്ചുവേളി-കോയമ്പത്തൂർ,തൂത്തുകുടി-മംഗളൂരു തുടങ്ങിയ ട്രെയിനുകൾക്കായി വിവിധ സംഘടനകളും എംപിമാരും സമർദം ചെലുത്തുന്നുണ്ട്.മംഗളൂരു ട്രെയിനൊഴികെ ബാക്കിയുള്ളവ മുൻപു മീറ്റർ ഗേജ് കാലത്തു കൊല്ലത്തു നിന്നുണ്ടായിരുന്ന സർവീസുകളാണ്. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് തൂത്തുകുടിയിലേക്കു നീട്ടുന്നതു റെയിൽവേയുടെ പരിഗണനയിലുണ്ട്.എന്തു കൊണ്ടു ദക്ഷിണ റെയിൽവേ ശുപാർശ ചെയ്ത ട്രെയിനുകൾ ലഭിക്കാതെ പോയെന്ന ചോദ്യത്തിനു കൃത്യമായ മറുപടി അധികൃതർക്കില്ല. ബോർഡിലുളളവരാണു ശുപാർശ പരിശോധിച്ചു തീരുമാനമെടുത്തത്.
ബോർഡിൽ ഇതിന്റെ ചുമതലയുള്ള പലർക്കും കൊച്ചുവേളി ഉൾപ്പെടെ പല സ്ഥലങ്ങളെ കുറിച്ചു കൃത്യമായ ധാരണയില്ലാത്തതും തിരിച്ചടിയായതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.എംപിമാരുടെ സമർദം ഉണ്ടെങ്കിലേ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയൂ.എന്നാൽ കേരളത്തിലെ എംപിമാർ ബജറ്റ് വരുമ്പോൾ മാത്രം ഒന്നും കിട്ടിയില്ലെന്നു പറഞ്ഞു ബഹളം വയ്ക്കുകയാണ് പതിവ്.കഴിഞ്ഞ രണ്ടു കൊല്ലമായി ബജറ്റിൽ ട്രെയിൻ പ്രഖ്യാപിക്കുന്നതിനു പകരം പുതിയ സമയക്രമത്തിലാണു ട്രെയിനുകൾ അനുവദിക്കുന്നതെന്ന കാര്യം കേരളത്തിലെ പല എംപിമാരും അറിഞ്ഞ മട്ടില്ല.