കൊല്ലം റയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം അടുത്ത മാർച്ചിന് മുൻപ് യാഥാർഥ്യമാകുമെന്ന് റയിൽവേയുടെ ഉറപ്പ്. റയിൽവേ സ്റ്റേഷൻ വികസനം ചർച്ച ചെയ്യാൻ കൊല്ലത്ത് നടത്തിയ അവലോകനത്തിലാണ് റയിൽവേ ഉറപ്പ് നൽകിയത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
കൊല്ലം റയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശനകവാടം ഈ വർഷം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർമാണത്തിൽ കാലതാമസം നേരിട്ടിരുന്നു. നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ഡി.ആർ.എം പ്രകാശ് ബൂട്ടാനിയും റയിൽവേ ഉദ്യോഗസ്ഥരും കൊല്ലത്ത് എത്തിയത്. ചിന്നക്കട -കടപ്പാക്കട റോഡിൽ വരുന്ന രണ്ടാം പ്രവേശകവാടം ഒന്നാം കവാടത്തേക്കാൾ മികച്ച രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് കൗണ്ടറും വിശ്രമകേന്ദ്രവും 750 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനവുമാണ് രണ്ടാ ടെർമിനലിലുള്ളത്. അഞ്ചും ആറും പ്ലാറ്റ്ഫോമുകളെ ഒന്നാം പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുക്കുന്ന നടപ്പാതയുടെ നിർമാണം അറുപതു ശതമാനം പൂർത്തിയായതായി എൻ കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
രണ്ടാം പ്രവേശനകവാടം വന്നാൽ റയിൽവേ സ്റ്റേഷന്റെ മുഖമായി അതുമാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊല്ലം-ചെങ്കോട്ട പൂർണമായും കമ്മീഷൻ ചെയ്യുന്നതോടെ കൂടുതൽ ട്രെയിനുകൾ കൊല്ലം വഴി കടന്നുപോകും.ജനുവരിയോടെ ചെങ്കോട്ട പാത യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് പിന്നാലെ മാർച്ച് 31ന് മുൻപ് കൊല്ലത്തിന്റെ രണ്ടാം പ്രവേശനകവാടവും തുറന്നു കൊടുക്കുമെന്നുള്ള പ്രഖ്യാപനം യാഥാർഥ്യമായാൽ വലിയ അനുഗ്രഹമാകും യാത്രക്കാർക്ക്.